രാമനെന്നെനിക്കു പേര്‍ എന്നുടെ പത്‌നിയിവള്‍
വാമലോചന സീതാദേവിയെന്നല്ലോ
നാമം
ലക്ഷ്മണനെന്നു നാമമിവനും മല്‍
സഹോദരന്‍
പുക്കിതു വനാന്തരം ജനക നിയോഗത്താല്‍
ആരാണു നിങ്ങള്‍ എന്ന് ഇക്കാലത്ത് ഒരു ചോദ്യം വന്നാല്‍ ഇതു ചോദിക്കാന്‍ താനാരാ? എന്നോ, അറിഞ്ഞിട്ടു തനിക്കെന്തു കാര്യം? എന്നോ ഉള്ള എതിര്‍ചോദ്യമാവും പൊതുവെ ഉണ്ടാവുക.
എന്നാല്‍ രാമായണ കാലത്തു സ്ഥിതിയതല്ല. മഹത്തായ ഒരു മാതൃക കാട്ടിത്തരുന്നുണ്ടു രാമന്‍. ചിത്രകൂടാചലംവിട്ട് ഉള്‍ക്കാട്ടിലേക്കു പ്രവേശിച്ച ഉടനെ രാമസംഘം കാണുന്നത് ഭീകരനായ ഒരു രാക്ഷസനെയാണല്ലോ. തന്റെ സാമ്രാജ്യത്തില്‍ കടന്നു വന്ന അപരിചിതരെ സ്വാഭാവികമായും അവന്‍ ചോദ്യം ചെയ്തു.
” മുനിവേഷം ധരിച്ച് വില്ലും ശരങ്ങളുമെടുത്ത്, ഒപ്പം ഒരു പെണ്ണിനേയുംകൂട്ടി ഈ പെരുങ്കാട്ടില്‍ നിങ്ങള്‍ എന്തിനുവന്നു? ആരാണ് നിങ്ങള്‍.” രോഷത്തോടെയുള്ള ചോദ്യത്തിനു സൗമ്യമായിട്ടാണ് രാമന്‍ നല്‍കുന്ന ഉത്തരം. നാലുവരികളില്‍ എല്ലാം ചുരുക്കിപ്പറഞ്ഞുകഴിഞ്ഞു. എങ്കിലും രാക്ഷസന്‍ അതിക്രമത്തിനു മുതിര്‍ന്നു. ഒടുവില്‍ വധിക്കപ്പെടുകയും ചെയ്തു.
പെരുമാറ്റ മര്യാദകളില്‍ രാക്ഷസന്മാരും മോശക്കാരായിരുന്നില്ല. പഞ്ചവടിയിലെത്തുന്ന ശൂര്‍പ്പണഖ കാമപീഡാപരവശയെങ്കിലും രാമനോട് വളരെ കുലീനമായിട്ടാണ് സംഭാഷണമാരംഭിക്കുന്നത്.
”ആരെടോ ഭവാന്‍? ചെല്ലീടാരുടെ പുത്രനെന്നും
നേരോടെന്തിവിടേക്കു വരുവാന്‍ മൂലമെന്നും
എന്തൊരുമൂലം ജടാവല്‍ക്കലാദികളെല്ലാം
എന്തിനു ധരിച്ചിതു താപസവേഷമെന്നും
എന്നുടെ പരമാര്‍ത്ഥം മുന്നേഞാന്‍ പറഞ്ഞീടാം
നിന്നോടു, നീയെന്നോടു പിന്നെച്ചോദിക്കുമല്ലോ.
രാക്ഷസേശ്വരനായ രാവണ ഭഗിനി ഞാ-
നാഖ്യയാ ശൂര്‍പ്പണഖ കാമരൂപിണിയല്ലോ
ഖരദൂഷണ ത്രിശിരാക്കളാം ഭ്രാതാക്കന്മാ-
ര്‍ക്കരികേ ജനസ്ഥാനേ ഞാനിരിപ്പതുസദാ
നിന്നെഞാനാരെന്നതുമറിഞ്ഞീലേതും പുന-
രെന്നോടു പരമാര്‍ത്ഥം ചൊല്ലേണം ദയാനിധേ!”
ശൂര്‍പ്പണഖയ്‌ക്കു തിടുക്കമുണ്ട്. അതിന്നാല്‍ അങ്ങോട്ടുള്ള ചോദ്യങ്ങള്‍ക്കൊപ്പം തന്നെ, ഇങ്ങോട്ടു വരാവുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഒറ്റ ശ്വാസത്തില്‍ പറയുകയാണ്; ഏറ്റവും മര്യാദയോടെ. അതിനു രാമന്‍ പറയുന്ന മറുപടിയും കുലീനമാണ്; സൗമ്യോദാരവും.
”സുന്ദരീ! കേട്ടുകൊള്‍ക ഞാനയോദ്ധ്യാപതി-
നന്ദനന്‍ ദാശരഥി രാമനെന്നല്ലോനാമം.
എന്നുടെ ഭാര്യയിവള്‍ ജനകാത്മജ സീത
ധന്യേ! മല്‍ഭ്രാതാവായ ലക്ഷ്മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കുമനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ.”
അവള്‍ ഒട്ടും മടിച്ചില്ല, വൈകിയുമില്ല. മനസ്സു തുറന്നപ്പോള്‍ മുഴുക്കാമം! പിന്നീടുണ്ടായ സംഭാഷണവും സംഭവങ്ങളും പറയേണ്ടല്ലോ.
കിഷ്‌ക്കിന്ധാകാണ്ഡത്തിന്റെ തുടക്കത്തില്‍ നാം മറ്റൊാരുതരം പരിചയപ്പെടല്‍ കാണുന്നു. സീതയെ അന്വേഷിച്ചു വിവശരായി നടക്കുന്ന രാമലക്ഷ്മണന്മാരെ ഹനുമാന്‍ പരിചയപ്പെടുന്നതു ഭക്തി ബഹുമാനങ്ങളോടെയാണ്. ഹനുമാന്റെ വാക്പ്രയോഗചാതുര്യം നന്നായി ആസ്വദിച്ചും അനുമോദിച്ചുമാണ് രാമന്‍ മറുപടി നല്‍കുന്നത്.
സീതാന്വേഷണത്തിനിടയില്‍ വിചിത്രമായ ഗുഹയിലകപ്പെട്ട വാനരസംഘത്തിനോട് യോഗിനിയായ സ്വയംപ്രഭ ചോദിക്കുന്നത് ഇങ്ങനെയത്രേ:
നിങ്ങളാരാകുന്നതെന്നു പറയണ-
മിങ്ങുവന്നീടുവാന്‍ മൂലവും ചൊല്ലണം
എങ്ങനെ മാര്‍ഗ്ഗമറിഞ്ഞവാറെന്നതും
എങ്ങനിപ്പോകുന്നതെന്നും പറയണം
ഹനുമാന്‍തന്നയാണ് മുന്‍കൈയടുത്ത് ഇതിനു വിശദമായമറുപടിനല്‍കുന്നത്. പിന്നെ ലങ്കയിലെത്തി സീതാദേവിയെ കണ്ടപ്പോഴും ഹനുമാന്‍ പാലിച്ച ഔചിത്യവും വിനയവും വാക് വൈഭവവും ശ്രദ്ധേയമാണ്. അറിഞ്ഞോ അറിയാതെയോ, ശ്രീരാമനെപ്പോലെ സീതയും ഹുനുമാന് ഒരുസാക്ഷ്യപത്രം നല്‍കുന്നുണ്ട്.
ഋതമജൃമൃദു സ്ഫുടവര്‍ണ്ണവാക്യം തെളി-
ഞിങ്ങനെ ചൊല്ലുന്നവര്‍ കുറയും തുലോം.
എന്നാല്‍ രാവണസഭയില്‍ ബന്ധനസ്ഥനാക്കിക്കൊണ്ടുവന്ന ഹനുമാന്‍ പറയുന്ന വാക്കുകളിലെ സ്വരഭേദം
വ്യത്യസ്തമത്രേ. രാവണനെ ‘ജളപ്രഭോ’ എന്നുവിളിച്ചുകൊണ്ടാണ് മറുപടിയുടെ ആരംഭം. അവസാനിപ്പിക്കുന്നതാകട്ടേ, ”നിന്നെപ്പോലെ നൂറുനൂറായിരം രാക്ഷസന്മാര്‍ ഒരുമിച്ചെതിര്‍ത്തുവന്നാലും എന്റെ ചെറുവിരലനക്കത്തിനു പോരല്ലോ കശ്മലാ” എന്നുചോദിച്ചുകൊണ്ടുമാണ്.
ഇത്തരത്തിലുള്ള വേറേയും സന്ദര്‍ഭങ്ങള്‍ രാമായണത്തിലുണ്ട്. അവയെപറ്റി നാം സൂക്ഷ്മമായി ചിന്തിച്ചു നോക്കേണ്ടിയിരിക്കുന്നു. ഏതൊരാളും പെരുമാറ്റ മര്യാദകളിലും വാക്പ്രയോഗത്തിലും കരുതലുള്ളവരായിരിക്കണം. സമൂഹത്തിലെ അതിക്രമങ്ങളും അശാന്തിയും ഒരുപരിധിവരെയെങ്കിലും കുറയ്‌ക്കാന്‍ അതുസഹായിക്കും.
(തുടരും)
















