ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഔറംഗസേബ് റോഡിന് ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ ബിജെപി എംപി മഹേഷ് ഗിരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അന്തരിച്ച മുന്‍ രാഷ്‌ട്രപതിയോടുള്ള ആദരവ് മുന്‍നിര്‍ത്തി റോഡിന് കലാമിന്റെ പേരിടണം. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനും ആ മഹത്ജീവിതം സ്മരിക്കുന്നതിനുമുള്ള നടപടികളിലൊന്നാകണം ഇതെന്നും മഹേഷ് ഗിരി അഭ്യര്‍ത്ഥിച്ചു.
ഏതെങ്കിലും ചെകുത്താന്റെ പേര് നാം നമ്മുടെ കുട്ടികള്‍ക്കിടുമോ എന്ന് മഹേഷ് ഗിരി പിന്നീട് മാധ്യമങ്ങളോട് ചോദിച്ചു. നമുക്കൊരിക്കലും ചരിത്രത്തെ മാറ്റാന്‍ സാധിക്കില്ല, എന്നാല്‍ ചില തെറ്റുകള്‍ തിരുത്താനാകും, മഹേഷ് ഗിരി പറഞ്ഞു.
ദല്‍ഹി നഗരത്തിലെ ഔറംഗസേബ് റോഡിന്റെ പേരുമാറ്റണമെന്ന ആവശ്യം ഇതിനു മുമ്പും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ദല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റി റോഡിന്റെ പര് ഗുരുതേജ് ബഹാദൂര്‍ സാഹിബ് എന്നാക്കി മാറ്റണമെന്ന് നേരത്തെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ദല്‍ഹിയുടെ വടക്കുകിഴക്കന്‍ ഭാഗത്തുകൂടിയാണ് ഔറംഗസേബ് റോഡ് പോകുന്നത്. ആറാമത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് 1658 മുതല്‍ 1707വരെ ദല്‍ഹി ഭരിച്ചു. അതിക്രൂരമായ ആക്രമണങ്ങളും ഹിന്ദുക്കള്‍ക്കെതിരായ ദ്രോഹങ്ങളും ഔറംഗസേബിന്റെ ഭരണകാലത്ത് നടമാടി.
















