ചെന്നൈ: ബാബ അപരാജിതിന്റെ അഞ്ചു വിക്കറ്റ് നേട്ടത്തിനും പ്രഗ്യാന്‍ ഓജയുടെ മൂന്നു വിക്കറ്റിനും ഓസ്ട്രേലിയ എയുടെ തേരോട്ടം തടയാനായില്ല. ഇന്ത്യ എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഓസീസ് എ ടീമിന് 194 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ഓപ്പണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റിന്റെ (150) ശതകത്തിന്റെ കരുത്തില്‍ രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 329 റണ്‍സെടുത്തു ഓസ്ട്രേലിയ. സ്കോര്‍: ഇന്ത്യ എ – 135, ഓസ്ട്രേലിയ എ – 329/9.
വിക്കറ്റ് നഷ്ടമില്ലാതെ 43 എന്ന നിലയില്‍ ഇന്നലെ കളി പുനരാരംഭിച്ച ഓസ്ട്രേലിയ എയെ ഒറ്റയ്ക്ക് ചുമലിലേറ്റി ബാന്‍ക്രോഫ്റ്റ്. ഇടയ്ക്കിടെ വിക്കറ്റുകള്‍ പൊഴിയുമ്പോഴും അചഞ്ചലനായി നിന്ന ബാന്‍ക്രോഫ്റ്റ് ടീമിന് മികച്ച ലീഡ് സമ്മാനിച്ച ശേഷം ഏഴാമനായാണ് മടങ്ങിയത്. 267 പന്തില്‍ 16 ഫോറും ഒരു സിക്സറുമടക്കം 150 റണ്‍സെടുത്ത ബാന്‍ക്രോഫ്റ്റിനെ അപരാജിത് വിരാട് കോഹ്ലിയുടെ കൈയിലെത്തിച്ചു.
കല്ലം ഫെര്ഗുസണ് (54), നായകന് ഉസ്മാന് ഖവാജ (33), ഗുരീന്ദര്‍ സന്ധു (36) എന്നിവരും സംഭാവന നല്കി. 23 ഓവറില്‍ 74 റണ്‍സ് വഴങ്ങിയാണ് വലംകൈയന്‍ സ്പിന്നറായ അപരാജിത് അഞ്ചു വിക്കറ്റ് പിഴുതത്. ഓജ 32 ഓവറില്‍ 99 റണ്‍സ് വഴങ്ങി. ശ്രേയസ് ഗോപാലിന് ഒരു വിക്കറ്റ്.
















