എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം. ആദ്യ ഇന്നിങ്‌സില്‍ 145 റണ്‍സ് ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്‌സില്‍ എതിരാളികളുടെ നാലു വിക്കറ്റ് വീഴ്‌ത്തി പിടിമുറുക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാമിന്നിങ്‌സില്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സില്‍.
സ്‌കോര്‍: ഓസ്‌ട്രേലിയ – 136, 84/4, ഇംഗ്ലണ്ട് – 281.
വന്‍ ലീഡ് ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിനെ മുന്നൂറു വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ മിച്ചല്‍ ജോണ്‍സണിന്റെ നേതൃത്വത്തില്‍ കംഗാരുക്കള്‍ പിടിച്ചുകെട്ടി. ജോണ്‍സണും, മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍, ഹെയ്‌സല്‍വുഡും, നഥാന്‍ ലിയോണ്‍ മൂന്ന് വീതം വിക്കറ്റ്. മധ്യനിരയില്‍ ജോ റൂട്ടും (63), ഇയാന്‍ ബെല്ലും (53), വാലറ്റത്ത് മോയിന്‍ അലിയും (59) നേടിയ അര്‍ധശതകങ്ങളാണ് ആതിഥേയരെ ഭേദപ്പെട്ട ലീഡിലേക്കു നയിച്ചത്. സ്റ്റുവര്‍ട്ട് ബ്രോഡും (31) ഇവര്‍ക്ക് പിന്തുണയായി. അലിയും ബ്രോഡും എട്ടാം വിക്കറ്റില്‍ ചേര്‍ത്ത 87 റണ്‍സ് ഇംഗ്ലണ്ടിനെ മൂന്നൂറിനോടടുപ്പിച്ചു.
രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഓസീസിന് ക്രിസ് റോജേഴ്‌സ് (ആറ്), സ്റ്റീവന്‍ സ്മിത്ത് (എട്ട്), മൈക്കിള്‍ ക്ലര്‍ക്ക് (മൂന്ന്), ആദം വോഗ്‌സ് (പൂജ്യം) എന്നിവരെ നഷ്ടം. ഏകദിന ശൈലിയില്‍ ബാറ്റ് വീശുന്ന ഡേവിഡ് വാര്‍ണറുടെ (64 നോട്ടൗട്ട്) പോരാട്ടമാണ് കംഗാരുക്കളുടെ പ്രതീക്ഷ. തുണയായി മിച്ചല്‍ മാര്‍ഷ്. മൂന്നു വിക്കറ്റെടുത്ത സ്റ്റീവന്‍ ഫിന്നാണ് ഓസീസിനെ പ്രതിസന്ധിയിലാക്കിയത്.
















