ന്യൂദല്‍ഹി: എപിജെ അബ്ദുള്‍ കലാമിന്റെ ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ രാമേശ്വരത്തേക്ക് തിരിക്കും. രാവിലെ പാലം വിമാനത്താവളത്തില്‍ നിന്നും മധുരയിലെത്തുന്ന മോദി അവിടെ നിന്നും ഹെലികോപ്റ്റര്‍ വഴി രാമേശ്വരത്തെത്തും.
മുന്‍ രാഷ്‌ട്രപതി ഡോ.കലാമിന്റെ അന്തിമ സംസ്‌ക്കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി പോകുമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവാണ് അറിയിച്ചത്. പ്രധാനമന്ത്രിക്കു പുറമേ ചില സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന് വെങ്കയ്യ അറിയിച്ചു. വെങ്കയ്യ നായിഡവും പ്രതിരോധമന്ത്രി മനോഹര്‍ പരീഖറും ഡോ.കലാമിന്റെ മൃതദേഹത്തോടൊപ്പം രാമേശ്വരത്തേക്ക് തിരിച്ചു.
ഇന്നലെ രാവിലെ 8.15ഓടെയാണ് ഡോ. കലാമിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക സൈനിക വിമാനം മധുരയിലേക്ക് യാത്ര തിരിച്ചത്. ദല്‍ഹിയില്‍ നിന്നുള്ള യാത്രയ്‌ക്ക് മുന്നോടിയായി സൈനിക വിമാനത്താവളത്തില്‍ മൂന്ന് സൈനികവിഭാഗങ്ങളും ഡോ.കലാമിന് അന്തിമോപചാരം അര്‍പ്പിച്ചു.
















