ന്യൂദല്‍ഹി: വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ ഐഐടിയില്‍ നിന്നും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികളുടെ കോണ്‍വൊക്കേഷന്‍ ചടങ്ങ്. വേദിയില്‍ അഞ്ചു കസേര. നടുക്ക് രാഷ്‌ട്രപതിക്കായി പ്രത്യേകം തയ്യാറാക്കിയ വലിയ കസേര. നാലെണ്ണം സര്‍വ്വകലാശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ളത്.
ചടങ്ങ് തുടങ്ങും മുന്‍പു തന്നെ അന്നത്തെ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എത്തി. വേദിക്കരികെ എത്തിയ അദ്ദേഹം പക്ഷെ തനിക്കായി വച്ച കസേരയില്‍ ഇരുന്നില്ല, അതിലിരിക്കില്ലെന്ന് തറപ്പിച്ചു പറയുകയും ചെയ്തു. അദ്ദേഹത്തിനായി ഒരുക്കിവച്ചിരുന്ന കസേര മറ്റുള്ളവയേക്കാള്‍ വളരെ വലുതായിരുന്നു. സിംഹാസനം പോലുള്ള ഒന്ന്. മറ്റുള്ളവയേക്കാള്‍ വലിപ്പമുള്ള കസേര തനിക്കു വേണ്ടെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഒടുവില്‍ മറ്റു നാലു കസേരകള്‍ പോലുള്ള ഒന്ന് എത്തിച്ചശേഷമാണ് അദ്ദേഹം ഇരുന്നത്.
പക്ഷികള്‍ക്കു വേണ്ടിവാദിച്ച കലാം
പ്രതിരോധ ഗവേഷണ വികസന സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന കാലം. ഡിആര്‍ഡിഒ ഓഫീസിന്റെ സുരക്ഷ ശക്തമാക്കുന്ന കാര്യം സംബന്ധിച്ച് ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. അപ്പോഴാണ് ഒരാള്‍ പറഞ്ഞത്, മതിലിലെല്ലാം പൊട്ടിയ ചില്ലുകഷ്ണങ്ങള്‍ പാകണം. ആ നിര്‍ദ്ദേശത്തെ ഡോ. കലാം ശക്തമായി എതിര്‍ത്തു. നാമങ്ങനെ ചെയ്താല്‍ പക്ഷികള്‍ എങ്ങനെ മതിലില്‍ വന്നിരിക്കും, അങ്ങനെ ചെയ്യുന്നത് അവയ്‌ക്ക് ഉപദ്രവകരമാണ്. അതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
















