ന്യൂദല്‍ഹി: യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ദേശീയ യുവജനകാര്യ ഉപദേശക കൗണ്‍സില്‍ രൂപീകരിക്കുന്നു. കൗണ്‍സിലില്‍ ഒരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് കേന്ദ്ര യുവജനകാര്യ-കായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ മേഖലാ കോമണ്‍വെല്‍ത്ത് യുവജന മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ യുവജനങ്ങളാല്‍ നയിക്കപ്പെടുന്ന വികസനത്തിനാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സോനോവാള്‍ പറഞ്ഞു. വികസന പ്രക്രിയയില്‍ യുവാക്കള്‍ നിഷക്രിയ ഗുണഭോക്താക്കാളാകാതെ കര്‍മ്മോത്സുകരായ സാരഥികളാകണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാഴ്‌ച്ചപ്പാട്.
രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും 35വയസ്സില്‍ താഴെയുള്ള യുവജനങ്ങളാണ്. ഭരണ നിര്‍വഹണത്തില്‍ സമസ്ത തലങ്ങളിലും യുവജന പങ്കാളിത്തം സാധ്യമാക്കുക എന്നതാണ് ഇപ്പോഴത്തെ ദേശീയ യുവജന നയത്തിന്റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി വ്യക്തിപരമായി മുന്‍ കൈയെടുത്ത് ആരംഭിച്ച ാ്യഴീ്.ശി പോര്‍ട്ടലിലൂടെ ഭരണനിര്‍വ്വഹണ വിഷയങ്ങളിന്മേല്‍ യുവജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യുവ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവിധ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ചാനലുകളിലൂടെ മന്ത്രാലയങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















