ചെന്നൈ: മുന്‍ രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സംസ്‌കാരച്ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത പങ്കെടുക്കില്ല. അനാരോഗ്യം കാരണമാണ് മുഖ്യമന്ത്രിക്ക് ചടങ്ങില്‍ എത്താന്‍ സാധിക്കാത്തത്. ജയലളിതയേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച് ഏഴ് കാബിനറ്റ് മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുക്കും.
”എനിക്ക് എപിജെ അബ്ദുള്‍ കലാമിനോട് വളരെയധികം സ്‌നേഹവും ബഹുമാനവുമുണ്ട്. അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കണമെന്നും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കണമെന്നും ആഗ്രഹവുമുണ്ട്. എന്നാല്‍ എന്റെ ശാരീരികമായ അവസ്ഥ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്” – ജയലളിത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
കാബിനറ്റ് മന്ത്രിമാരായ ഒ. പനീര്‍ശെല്‍വം, നാതം ആര്‍ വിശ്വനാഥന്‍, ആര്‍ വൈത്തിലിങ്കം, ഇടപ്പള്ളി കെ പളനിസ്വാമി, പി പളനിയപ്പന്‍, എസ് സുന്ദരരാജ്, ആര്‍ ബി ഉദയകുമാര്‍ എന്നിവരായിരിക്കും സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക എന്ന് ജയലളിത അറിയിച്ചു. കലാമിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
















