ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ ഭൗതിക ശരീരം ജന്മനാടായ തമിഴ്‌നട്ടിലെ രാമേശ്വരത്തേയ്‌ക്ക് കൊണ്ടുപോയി. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മധുരയില്‍ എത്തിക്കുന്ന ഭൗതിക ശരീരം 12 മണിയോടെ ഹെലികോപ്റ്റര്‍ മാര്‍ഗം രാമേശ്വരത്തേക്കു കൊണ്ടുപോകും.
രാമേശ്വരത്തിനുസമീപം മണ്ഡപത്തില്‍വെച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കലാമിന്റെ ഭൗതികശരീരം ഏറ്റുവാങ്ങും. മണ്ഡപം ബസ്റ്റ് സ്റ്റാന്‍ഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവസരമുണ്ടാകും. ഇതിനുശേഷം രാത്രി എട്ടുമണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നാളെ രാവിലെ പത്തരയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.
കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഗവര്‍ണര്‍ പി.സദാശിവം, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, സ്പീക്കന്‍ എന്‍.ശക്തന്‍ എന്നിവര്‍ പങ്കെടുക്കും. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ബുധനാഴ്ച രാവിലെ വരെ ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ മേഘാലയയിലെ ഷില്ലോങ്ങില്‍ ഐഐഎം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
















