ന്യൂദല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സിലും കണക്കിലും കൂടുതല്‍ പരിജ്ഞാനം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച രാഷ്‌ട്രീയ ആവിഷ്ക്കാര്‍ അഭിയാന് മുന്‍ രാഷ്‌ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേര് നല്‍കിയതായി മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പ്രഖ്യാപിച്ചു.
സ്വാഭിമാനമുള്ള സ്വാവലംബിയായ ഒരു ഭാരതത്തെ സ്വപ്നം കണ്ടയാളായിരുന്നു ഡോ കലാം. ഡോ.കലാമിന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്ന പദ്ധതിയായതിനാല്‍ അദ്ദേഹത്തിന്റെ പേര് നല്‍കുന്നത് ഏറ്റവും ഉചിതമാണെന്ന് തങ്ങള്‍ കരുതുന്നതായി സ്മൃതി ഇറാനി വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ ഒമ്പതിന് ഡോ. കലാം തന്നെയായിരുന്നു രാഷ്‌ട്രീയ ആവിഷ്കാര്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്തത് . പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ എപ്പോഴും ശ്രദ്ധ നല്‍കണമെന്ന് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
വിശാലമായ ലക്ഷ്യം,അറിവിന് വേണ്ടിയുള്ള ദാഹം, കഠിന പ്രയത്നം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
















