കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയില്‍ നടന്ന മൂന്നാമത് അന്താരാഷ്‌ട്ര കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. വിവിധ ഇനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ന്യൂസിലാന്റ് താരം മൈക്ക് ഡോസന്‍ ‘റാപിഡ് രാജ’യും ബ്രിട്ടീഷ് താരം ബെറ്റ്‌സ് മോര്‍ഗന്‍ ‘റാപിഡ് റാണി’യുമായി തെരഞ്ഞെടുക്കപ്പെട്ടു. യഥാക്രമം 80,000 രൂപയും 50,000 രൂപയുമാണ് പാരിതോഷികത്തുക.
ഇന്നലെ വൈകീട്ട് ചാലിപ്പുഴയുടെ തീരത്ത് പുലിക്കയത്ത് നടന്ന സമാപനച്ചടങ്ങില്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഡി. സാലി ഇവരെ കിരീടധാരണം നടത്തി. നൂറുകണക്കിന് പ്രദേശവാസികളുടെയും താരങ്ങളുടെയും അകമ്പടിയോടെ റാപിഡ് രാജയെയും റാപിഡ് റാണിയെയും ആനപ്പുറത്തേറ്റി പുലിക്കയം ടൗണിലേക്ക് ആനയിച്ചു.
ജൂലൈ 22ന് ആരംഭിച്ച മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളിലാണ് കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. ഫ്രീസ്റ്റൈല്‍, സ്ലാലം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ ഇനങ്ങളിലായിരുന്നു മല്‍സരം. ഇന്നലെ ഇരുവഴിഞ്ഞിപ്പുഴയില്‍ നടന്ന ഡൗണ്‍ റിവര്‍ മല്‍സരം കാണാന്‍ നൂറുകണക്കിനാളുകളാണ് പുഴയുടെ ഇരുകരകളിലും തടിച്ചുകൂടിയത്. രാവിലെ 10 മണിക്ക് തുടങ്ങിയ മല്‍സരങ്ങള്‍ വൈകീട്ട് അഞ്ച് മണി വരെ നീണ്ടു.
ഫ്രീസ്റ്റൈല്‍ ഇനത്തില്‍ സാം സട്ടന്‍, മൈക്ക് ഡോസന്‍, ഫിലിപ് മിച്ചെല്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സ്ലാലം ഇനത്തില്‍ മൈക്ക് ഡോസന്‍, ജോ മോര്‍ലി, സാം സട്ടന്‍ എന്നിവരായിരുന്നു ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയത്. ഡൗണ്‍റിവര്‍ മല്‍സരത്തില്‍ മൈക്ക് ഡോസന്‍, സാം സട്ടന്‍, ജോ മോര്‍ലി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി.
ഇന്ത്യന്‍ താരങ്ങളില്‍ പുരുഷവിഭാഗത്തില്‍ ബലം സിങ് റാണയും വനിതാവിഭാഗത്തില്‍ ഗോമ സുന്‍വറും ഒന്നാം സ്ഥാനം നേടി. ഇന്റര്‍മീഡിയറ്റ് മല്‍സരത്തിന്റെ പുരുഷ വിഭാഗത്തില്‍ നരേന്ദ്ര സിങ് ഒന്നും അയ്യപ്പന്‍ ശ്യാം രണ്ടും കോടഞ്ചേരി സ്വദേശിയായ ജെറിന്‍ ടോം മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി. വനിതാ വിഭാഗത്തില്‍ കോടഞ്ചേരി സ്വദേശി രശ്മി രമേശ് പ്രത്യേക സമ്മാനം നേടി.
ഓരോ ഇനത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികള്‍ക്ക് യഥാക്രമം 50,000, 30,000, 12,000 രൂപവീതം സമ്മാനമായി നല്‍കി. 5.50 ലക്ഷം രൂപയാണ് മേളയുടെ മൊത്തം സമ്മാനത്തുക.സമാപനച്ചടങ്ങ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ഡി സാലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും കേരള കയാക്കിങ് അക്കാദമി സെക്രട്ടറിയുമായ ആന്റണി നീര്‍വേലി അധ്യക്ഷതവഹിച്ചു
ഏഴ് മലയാളികളും അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി, സ്‌പെയിന്‍, റഷ്യ, ചെക്ക് റിപ്പബ്ലിക്ക്, നേപ്പാള്‍, ന്യൂസിലന്റ്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 53 താരങ്ങളുമുള്‍പ്പെടെ 100ലേറെ കയാക്കര്‍മാരാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്.
















