കാലിഫോര്‍ണിയ: യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയ്‌ക്ക് ഒരു ചെറിയ ഇംഗ്ലീഷ് ഷോക്ക്. അമേരിക്ക വേദിയായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ബാഴ്‌സയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറിച്ചിട്ടു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ലൂയിസ് എന്റിക്വെയുടെ കുട്ടികളെ ചുവന്ന ചെകുത്താന്‍മാര്‍ കീഴടക്കിയത്. വെയ്ന്‍ റൂണി (8-ാം മിനിറ്റ്), ജെസെ ലിങ്ഗാര്‍ഡ് (635), അദ്‌നന്‍ ജനുസാജ് (90+) എന്നിവര്‍ മാന്‍.യുവിന്റെ ഗോള്‍വേട്ടക്കാര്‍. റാഫിന (90) ബാഴ്‌സയുടെ തോല്‍വിഭാരം കുറച്ചു.
തുല്യശക്തികളുടെ ഏറ്റുമുട്ടലില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കിയതും ഗോളി ഡേവിഡ് ഗിയയുടെ സേവുകളും മാന്‍.യുവിനെ വിജയത്തിലെത്തിച്ചു. തുടക്കത്തില്‍ ബാഴ്‌സയാണ് ആക്രമിച്ചു കളിച്ചത്. രണ്ടുതവണ അവര്‍ ഗോളിനരുകിലെത്തി. ലൂയീസ് സുവാരസിന്റെ ഫ്രീ കിക്ക് പോസ്റ്റില്‍ തട്ടിമടങ്ങി. പിന്നാലെ ഗിയ സെര്‍ജി റൊബര്‍ട്ടോയ്‌ക്കും ഗോള്‍ നിഷേധിച്ചു. എന്നാല്‍ സ്‌കോര്‍ ചെയ്യാനുള്ള യോഗം ലഭിച്ചത് മാഞ്ചസ്റ്റര്‍ ടീമിനായിരുന്നു. യങ്ങിന്റ ക്രോസ് അഡ്രിയാനോയുടെ ശ്രദ്ധ തെറ്റിച്ച റൂണി ബാഴ്‌സയുടെ വലയിലേക്ക് ഹെഡ്ഡ് ചെയ്തു (1-0). 28-ാം മിനിറ്റില്‍ ബോക്‌സിനരുകില്‍ നിന്ന് യങ് തൊടുത്ത ഷോട്ട് ബാഴ്‌സ ഗോളി ടെര്‍ സ്‌റ്റെഗന്‍ നിര്‍വീര്യമാക്കി. പിന്നെയും യങ്ങും റൂണിയും യുവാന്‍ മാറ്റയും ബാഴ്‌സ ഗോള്‍ മുഖത്തേക്ക് ഇരമ്പിയെത്തി. മറുവശത്ത് മാന്‍.യു പ്രതിരോധത്തെ സുവാരസും വെല്ലുവിളിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബാഴ്‌സ കൂടുതല്‍ ഗോള്‍ ദാഹത്തോടെ പന്തുതട്ടി. അതിനെല്ലാം ചുക്കാന്‍ പിടിച്ചത് സുവാരസ് തന്നെ. ഇതിനിടെ സുവാരസ് പന്ത് ഗോള്‍ വരകടത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയുടെ മധ്യത്തോടെ ടീമിലെ മുഴുവന്‍ പേരെയും മാന്‍.യു സബ്റ്റിറ്റിയൂട്ട് ചെയ്തു. അധികം വൈകാതെ ഇടതു വിങ്ങില്‍ നിന്നു താഴ്ന്നുവന്ന ക്രോസ് ഗോളിലേക്ക് തിരിച്ച് ലിങ്ഗാര്‍ഡും മൂര്‍ച്ചകാട്ടി (2-0).
കളിയുടെ അവസാന നിമിഷത്തില്‍ ഉശിരന്‍ വോളിയിലൂടെ ബാഴ്‌സയ്‌ക്കുവേണ്ടി റഫീന ഒരു ഗോള്‍ മടക്കി (2-1). ഒടുവില്‍ ജനുസാജിന്റെ ഇഞ്ചുറി ടൈം സ്‌ട്രൈക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച വിജയമാര്‍ജിന്‍ സമ്മാനിച്ചു. ഒമ്പതു പോയിന്റുള്ള മാന്‍.യുവാണ് ഇപ്പോള്‍ പോയിന്റ് ടേബിളിലെ ഒന്നാമന്‍.
മറ്റൊരു മത്സരത്തില്‍ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നെ ചെല്‍സി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്‌ത്തി (6-5). നിശ്ചിത സമയത്ത് 1-1 ആയിരുന്നു സ്‌കോര്‍. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (25) പിഎസ്ജിക്കും വിക്ടര്‍ മോസസ് (65) ചെല്‍സിക്കുംവേണ്ടി ഗോള്‍ കുറിച്ചു.
ഷൂട്ടൗട്ടില്‍ പിഎസ്ജിയുടെ രണ്ടു കിക്കുകള്‍ സേവ് ചെയ്ത ഗോളി തിബൂട്ട് കോര്‍ട്ടോയിസാണ് ചെല്‍സിയുടെ ഹീറോ.
















