ശ്രീനഗര്‍: കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാശ്മീരില്‍ വന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പ്രദേശവാസികളെ ഒഴിപ്പിച്ചും റോഡുകള്‍ ഗതാഗതയോഗ്യമാക്കിയുമാണ് കാശ്മീരില്‍ സൈന്യം വന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
കഴിഞ്ഞ ആഴ്ച നടന്ന ഒന്നിലധികം മേഘവിസ്‌ഫോടനങ്ങള്‍ കാരണം സോന്‍മാര്‍ഗ്‌സോജില സെക്ടറുകളില്‍ മൂന്നുപേര്‍ മരണമടഞ്ഞിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ശ്രീനഗര്‍-ലഡാക് ദേശീയപാതയും അമര്‍നാഥ് യാത്രയ്‌ക്ക് വേണ്ടിയുള്ള ബല്‍താക് റോഡും നിരവധി സ്ഥലങ്ങളില്‍ ഒഴുകി പോയത് ഗതാഗത തടസങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ട്.
മണ്ണിടിച്ചിലില്‍ അകപ്പെട്ടവരെ സുരക്ഷിതസ്ഥലങ്ങളിലേക്കും പരിക്കേറ്റവരെ ആശുപത്രികളിലേക്കും മാറ്റിയതായി ലഫ്റ്റനന്റ് ജനറല്‍ സുബ്രതാ സാഹാ വ്യക്തമാക്കി. റോഡുകള്‍ തുറന്നു കൊടുക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാന്യം കൊടുക്കുന്നത്.
തകര്‍ന്ന റോഡുകളിലെ അവശിഷ്ടങ്ങള്‍ മാറ്റി സുപ്രധാന ലിങ്കുകള്‍ പുനഃസ്ഥാപിക്കാനായി ആളുകളും യന്ത്രസാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്. ബല്‍താല്‍ റൂട്ട് പുനഃസ്ഥാപിച്ചതിനു ശേഷം ലഡാക് റോഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ആഴ്ചയിലും കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















