കേരള കായിക ഹൃദയത്തിലെ നൊമ്പരചിത്രമായിരുന്നു ശാന്തകുമാരന്‍
ശ്രീശാന്ത് ഇന്നലവരെ. പ്രതിഭാധനനായ ആ പേസറുടെ കരിയര്‍ നിഗൂഢതകളില്‍ മൂടപ്പെട്ടപ്പോള്‍ അസന്നിഗ്ധതകളില്‍ വരിയപ്പെട്ടപ്പോള് മലയാളികളുടെ മനംനൊന്തു.
ക്രിക്കറ്റിനെ മലീമസമാക്കിയ ചില ഷുദ്രശക്തികളുടെ രഹസ്യ പദ്ധതികളില്‍ കുടുക്കപ്പെട്ട ശ്രീ വിതുമ്പിയ നിമിഷം മലയാളികള്‍ അമാന്തിച്ചു നിന്നു. പക്ഷേ, പിന്നീട് ശ്രീക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളുടെയും സംവാദങ്ങളുടെയും കാലമായിരുന്നു. കളങ്കത്തിന്റെ മൂടുപടലം വകഞ്ഞുമാറി ശ്രീ വരുമ്പോള്‍. അതു ആ മുന്കോപിയെ.. കുറുമ്പുകാരനെ… അറിയാതെ സ്നേഹിച്ചുപോയ ആരാധകരും കേരള കായിരംഗവും ശ്രീത്വമുള്ള വാര്‍ത്തകളെ വീണ്ടെടുക്കുകയാണ്.
സഞ്ജു വി. സാംസണ് ടീം ഇന്ത്യയുടെ കുപ്പായത്തില്‍ അരങ്ങേറിയിട്ട് അധിക നാളായാട്ടില്ല. ഐപിഎല്ലില്‍ സംസ്ഥാനത്തിന്റെ പ്രതിനിധികളായിരുന്ന കൊച്ചി ടസ്കേഴ്സിന് തിരിച്ചുവരവിന്റെ സാധ്യതകള്‍ തെളിഞ്ഞിട്ടുണ്ട്. ശ്രീയുടെ അഗ്നിശുദ്ധിയും മറ്റൊരു ശുഭവൃത്താന്തം. ഐഎസ് എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങള്‍കൂടി ഓര്‍ത്തെടുക്കുമ്പോള്‍ നമ്മുടെ കായികലോകം വീണ്ടും വര്‍ണാഭമായ ദിനങ്ങളിലേക്ക് മടങ്ങുകയാണെന്നു എന്നു തോന്നിപ്പോകും.
നിയമവഴികളിലൂടെ സഞ്ചരിച്ച് കരകയറിയതാണ് ശ്രീ. കുറ്റവിമുക്തിയെ ശ്രീശാന്തിന്റെ പുനര്ജനിയെന്നു വിലയിരുത്താം. വ്യക്തിയെന്ന നിലയിലെ സംശുദ്ധിവീണ്ടെടുക്കല്. എങ്കിലും ശ്രീശാന്തിലെ കളിക്കാരന് കടമ്പകളേറെയുണ്ട്. ആദ്യം ഫിറ്റ്നസ് തിരിച്ചുപിടിക്കണം. പിന്നെ കേരളത്തിനുവേണ്ടി കളിക്കാനുള്ള അവസരം തേടാം.
രഞ്ജി ട്രോഫിയിലേതടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ ദേശീയ ടീമിലേക്ക് ശ്രീയ്ക്ക് ഒരിക്കല്‍ക്കൂടി വഴിതുറന്നേക്കുമെന്നു കരുതാം. ബിസിസിഐയുടെ ഭാഗം കൂടിയായ കെസിഎ തലവന്‍ ടി.സി. മാത്യു ശ്രീശാന്തിന് എല്ലാം സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും പ്രകടനം തന്നെ ടീമിലേക്കുള്ള താക്കോല്‍. പ്രത്യേകിച്ച് ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും വരുണ്‍ ആരോണും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷാമിയുമൊക്കെ ചേര്‍ന്ന പേസര്‍മാരുടെ നീണ്ട നിര മത്സരിക്കാനുള്ളപ്പോള്‍.
















