മെല്‍ബണ്‍: സൗഹൃദപ്പോരില്‍ ഇംഗ്ലീഷ് പ്രതിയോഗി മാഞ്ചസ്റ്റര്‍ സിറ്റിയോട് സ്പാനിഷ് ജൈന്റസ് റയല്‍ മാഡ്രിഡ് ഒരു ദയയും കാട്ടിയില്ല. റയലിന്റെ ശക്തി സിറ്റി ശരിക്ക് അനുഭവിച്ചറിഞ്ഞു.
ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്ബോളിലെ ഓസ്ട്രേലിയ വേദിയായ അങ്കത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കുമേല്‍ റയലിന് ഒന്നിനെതിരെ നാലു ഗോളിന്റെ ജയം. കരീം ബെന്‍സെമയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പെപ്പെയും ഡെനിസ് ചെറിഷെവും റയലിന്റെ ഗോള്‍ വേട്ടക്കാര്‍. യായാ ടൂറെ പെനാല്‍റ്റിയിലൂടെ സിറ്റിക്ക് ആശ്വാസമേകി.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഗാലറിയെ നിറഞ്ഞ ഒരുലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ റയല്‍ നിഷ്പ്രഭമാക്കിക്കളഞ്ഞു. ഇരു ടീമുകളും സൂപ്പര്‍ താര നിരയെത്തന്നെ അണിനിരത്തി. റയലില്‍ ലൂക്കാ മോഡ്രിച്ചും ടോണി ക്രൂസും സിആര്‍7ന്റെ തുണയ്ക്കിറങ്ങി. പുതുതാരം റഹീം സ്റ്റെര്‍ലിങ്, ഡേവിഡ് സില്‍വ, സമീര്‍ നസ്റി എന്നിവര്‍ സിറ്റിക്കുവേണ്ടി ബൂട്ടുകെട്ടി. വേഗവും ഒത്തിണക്കവുമുള്ള നീക്കങ്ങളിലൂടെ ആരംഭത്തില്‍ തന്നെ റയല്‍ കാണികളുടെ കയ്യടി ഉറപ്പിച്ചു.
21-ാം മിനിറ്റലാണ് ബെന്‍സെമ റയലിന്റെ അക്കൗണ്ട് തുറന്നത്. ഗാരെത് ബെയ്ലിന്റെ ക്രോസില്‍ ബെന്‍സെമെ തൊടുത്ത വോളി ചെറുക്കാന്‍ സിറ്റി ഗോളി ജോ ഹാര്‍ട്ടിന് പാങ്ങുണ്ടായില്ല (1-0). നാലു മിനിറ്റുകള്‍ക്കു ശേഷം ക്രൂസിന്റെ ലോങ് ബോള്‍ പിടിച്ച ക്രിസ്റ്റ്യോനോയും ലക്ഷ്യം കണ്ടു (2-0).
44-ാം മിനിറ്റില്‍ പെപ്പയുടെ ഹെഡ്ഡര്‍ റയലിന് അനിഷേധ്യ മുന്തൂക്കമൊരുക്കി (3-0). എങ്കിലും ടൂറെയുടെ പെനാല്‍റ്റി സ്കോര്‍ 3-1 ആക്കി. രണ്ടാം പകുതിയില്‍ റയലിന് അധികം ഗോളുകള്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും 73-ാം മിനിറ്റില്‍ ചെറിഷെവ് റയലിന്റെ സ്കോറില്‍ കൂടുതല്‍ തിളക്കമേകി.
















