ന്യൂദല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം കോച്ച് പോള്‍ വാന്‍ അസിനെ വേണമോ വേണ്ടയോ, അത്തരത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. പുകഞ്ഞ അസ് പുറത്ത് തന്നെന്നു ഹോക്കി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുന്‍ താരങ്ങളും ഒളിംപ്യന്മാരും ഉള്‍പ്പെട്ട സമിതിയാണ് വാന്‍ അസിനെ പുറത്താക്കാനുള്ള അന്തിമ തീരുമാനമെടുത്തത്.
ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്രയുമായുള്ള പടലപ്പിണക്കം വാന്‍ ആസിന്റെ സ്ഥാനചലനത്തില്‍ ചെന്നെത്തുകയായിരുന്നു. വേള്‍ഡ് ഹോക്കി ലീഗിനിടെക്കുണ്ടായ വാക്കുതര്‍ക്കം വാന്‍ അസ്- ബത്ര ബന്ധത്തെ ഏറെ വഷളാക്കി.
രണ്ടുപേരും തമ്മിലെ തര്‍ക്കം തെരുവ് യുദ്ധത്തിന്റെ പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ചയാണ് അസിനെ പുറത്താക്കിയെന്ന വാര്‍ത്തകള്‍ വന്നത്. അസിനെ നീക്കിയിട്ടില്ലെന്നും വെള്ളിയാഴ്ച തീരുമാനമെടുക്കുമെന്നും ബത്ര അന്നു വ്യക്തമാക്കുകയുണ്ടായി.
















