ന്യൂദല്‍ഹി: വെറ്ററന്‍ ലെഗ് സ്പിന്നര്‍ അമിത് മിശ്രയ്‌ക്ക് നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവിന് അവസരമൊരുക്കി ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു.
കരണ്‍ ശര്‍മ്മയ്‌ക്കുപകരമായാണ് മിശ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കായിക ക്ഷമത വീണ്ടെടുക്കാത്ത പേസര്‍ മുഹമ്മദ് ഷാമിയെയും മാറ്റിനിര്‍ത്തി. യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് സെലക്ടര്‍ സന്ദീപ് പാട്ടീലിന്റെ അധ്യക്ഷതയില്‍ ദല്‍ഹിയില്‍ ചേര്‍ന്ന സെലക് ഷന്‍ കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനങ്ങള്‍. അമിത് മിശ്ര എല്ലായ്‌പ്പോഴും പരിഗണനയിലുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ റിസര്‍വുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി. പ്രഗ്യാന്‍ ഓജയുടെ കാര്യവും ചര്‍ച്ച ചെയ്തു. ലങ്കയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മിശ്രയ്‌ക്ക് ഇടം നല്‍കിയത്, സന്ദീപ് പാട്ടീല്‍ പറഞ്ഞു.
വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ തെരഞ്ഞെടുക്കലും ശരിയായ തീരുമാനമാണ്. ഈ അവസരത്തില്‍ സാഹയാണ് നല്ലത്. എം.എസ്. ധോണിക്ക് പകരക്കാരനെ കണ്ടെത്തുക പ്രയാസം. എങ്കിലും സാഹയുടെ ബാറ്റിങ് ആ കുറവ് ഒരുപരിധിവരെ പരിഹരിക്കുമെന്നും പാട്ടീല്‍ വ്യക്തമാക്കി.മൂന്നു ടെസ്റ്റുകളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ആഗസ്ത് 12ന് തുടങ്ങും. ആഗസ്റ്റ് മൂന്നിന് ഇന്ത്യ ലങ്കയില്‍ വിമാനമിറങ്ങും.
ടീം: വിരാട് കോഹ്‌ലി (ക്യാപ്ടന്‍), മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ഹര്‍ഭജന്‍ സിങ്, ആര്‍. അശ്വിന്‍, വരുണ്‍ ആരോണ്‍, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, അമിത് മിശ്ര.
















