ന്യൂയോര്‍ക്ക്: സീസണിനു മുന്നോടിയായി അമേരിക്ക ആതിഥ്യം വഹിക്കുന്ന ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ വമ്പന്‍ അട്ടിമറി. പ്രീമിയര്‍ ലീഗ് ജേതാക്കളായ ചെല്‍സിയെ ന്യൂയോര്‍ക്ക് റെഡ് ബുള്‍സ് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തുരത്തി.
ഷോണ്‍ ഡേവിസിന്റെ ഇരട്ട ഗോളുകളാണ് ആതിഥേയരുടെ ജയത്തിലെ സവിശേഷത. ഫ്രാങ്കഌന്‍ കാസ്റ്റെല്ലാനോസും ടെയ്ലര് ആദംസും മറ്റു സ്കോറര്‍മാര്‍. ചെല്‍സിക്കുവേണ്ടി ലോയ്ക് റെമിയും ഈഡന് ഹസാര്‍ഡും ലക്ഷ്യംകണ്ടു. ഇതോടെ നീലപ്പടയുടെ വലക്കീഴില് അസ്മിര്‍ ബെഗോവിച്ചിന്റെ അരങ്ങേറ്റം നിറംകെട്ടു.
26-ാം മിനിറ്റില്‍ റെമിയുടെ ഉഗ്രന്‍ ഗോളില്‍ ചെല്‍സി മുന്നില്‍ക്കയറിയതാണ്. എന്നാല്‍ പിന്നീട് പ്രതിരോധപ്പിഴവുകളിലൂടെ ഇംഗ്ലീഷ് പട തോല്‍വി ചോദിച്ചുവാങ്ങി. സൂപ്പര്‍ സ്ട്രൈക്കര്‍ ഡീഗോ കോസ്റ്റയുടേതടക്കം ഉന്നം തെറ്റിയ ഷോട്ടുകളും അവര്‍ക്ക് വിനയായി. രണ്ടാം പകുതിയില്‍ റെഡ്ബുള്‍സ് ശക്തമായി തിരിച്ചടിച്ചു.
51-ാം മിനിറ്റില്‍ ജോണ്‍ ടെറിയുടെ പിഴച്ച പാസ് മുതലെടുത്ത കാസ്റ്റെല്ലാനോസ് റെഡ്ബുള്സിന് സമനിലയൊരുക്കിക്കൊടുത്തു. അധികം വൈകാതെ യുവ മിഡ്ഫീല്‍ഡര്‍ ആദംസ് (70) അവരെ മുന്നില്ക്കയറ്റി. 73-ാം മിനിറ്റില്‍ ഡേവിസിന്റെ കന്നി സ്ട്രൈക്ക്, സ്കോര്‍: 3-1. ഹസാര്‍ഡ് (75)ചെല്‍സിക്കുവേണ്ടി ഒരു ഗോള്‍ മടക്കിയെങ്കിലും ഡബിള്‍ തികച്ച ഡേവിസ് (77) ന്യൂയോര്‍ക്ക് പ്രതിനിധികളുടെ വിജയമാര്‍ജിന്‍ മിന്നുന്നതാക്കി.
















