ന്യൂദല്‍ഹി: രാജ്യദ്രോഹിയും കൂട്ടക്കൊലയാളിയുമായ യാക്കൂബ് മേമനെ തൂക്കിക്കൊല്ലരുതെന്ന് സിപിഎം. മേമന്റെ വധശിക്ഷ കുറയ്ക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. 257 നിരപരാധികളുടെ മരണത്തിനു കാരണക്കാരനായ മേമന്റെ വധശിക്ഷ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി ശരിവെക്കുയും രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും ചെയ്തിരിക്കെയാണ് കൂട്ടക്കൊലയാളിക്കുവേണ്ടി സിപിഎം വക്കാലത്ത്. യാക്കൂബ് സ്വയം കീഴടങ്ങുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നതിനാല്‍ വധശിക്ഷ നല്‍കരുതെന്നാണ് സിപിഎമ്മിന്റെ നിലപാട്.
1993ല്‍ മുംബൈയിലെ പതിമൂന്നിടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 257 നിരപരാധികളാണ് മരണമടഞ്ഞത്. എഴുനൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. അവരില്‍ പലരും ഇന്ന് ജീവച്ഛവങ്ങളാണ്. പലരും വികലാംഗരും തൊഴിലെടുത്തു ജീവിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലും. ബോംബ് സ്ഫോടനപരമ്പരയ്ക്ക് ഗൂഢാലോചന നടത്തിയവരില്‍ പ്രധാനിയാണ് യാക്കൂബ് മേമന്.
വിചാരണക്കോടതി (ടാഡക്കോടതി) നല്കിയ വധശിക്ഷ പിന്നീട് മുംബൈ ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകരിച്ചതാണ്. തുടര്‍ന്ന്, ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി. അതിനു ശേഷം മേമന് നല്കിയ തിരുത്തല്‍ ഹര്‍ജിയും സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി ചൊവ്വാഴ്ച തള്ളിയത്. ഈ മാസം മുപ്പതിന് മേമനെ നാഗ്പൂര്‍ ജയിലില്‍ തൂക്കിലേറ്റാനും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മേമനു വേണ്ടി സിപിഎം വന്നിരിക്കുന്നത്.
മേമന് വിചാരണ നേരിട്ടു, പാക്കിസ്ഥാനികളുടെ പങ്ക് സംബന്ധിച്ച വിവരം നല്‍കിയത് മേമനാണ്, ഭീകരര്‍ക്ക് അഭയം നല്കിയവരെക്കുറിച്ചും വിവരം നല്‍കിയത് ഇയാളാണ്. മറ്റു പ്രധാനപ്രതികള്‍ ഒളിവിലാണ്. ആ സാഹചര്യത്തില്‍ മേമന്റെ വധശിക്ഷ ഒഴിവാക്കണം -സിപിഎം പ്രസ്താവനയില്‍ പറയുന്നു. കേസുകളുടെയും അന്വേഷണങ്ങളുടെയുമെല്ലാം പൊതു സ്വഭാവമിതായിരിക്കെ സിപിഎം വാദം വിചിത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സിപിഎമ്മിന്റെ വാദത്തിനെതിരെ സോഷ്യല്‍ മീഡികളില്‍ പ്രതിഷേധം പടരുന്നുമുണ്ട്. സിപിഎമ്മിന്റെ രാജ്യവിരുദ്ധ മനോഭാവം വെളിവായിയെന്നാണ് ചിലരുടെ പ്രതികരണം. മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഭീകരര്‍ക്ക് ഒപ്പമല്ലെന്നും അതു മനസിലാക്കാതെ ന്യൂനപക്ഷ വോട്ടുകിട്ടുമെന്നു കരുതി കൂട്ടക്കൊലയാളിക്കു വേണ്ടി സിപിഎം നിലകൊള്ളുകയാണെന്നുമാണ് ചിലരുടെ വിമര്‍ശനം.
















