ന്യൂദല്‍ഹി: പരിശീലകരെ അടിക്കടിമാറ്റുന്നത് ഇന്ത്യന്‍ ഹോക്കിക്ക് ഗുണം ചെയ്യില്ലെന്ന് ഒളിംപ്യനും ഇതിഹാസ താരവുമായ ബല്‍ബീര്‍ സിങ് സീനിയര്‍. പോള്‍ വാന്‍ അസിനെ അപ്രതീക്ഷിതമായി നീക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തുടര്‍ച്ചയായി കോച്ചുമാരെ ഇങ്ങനെ മാറ്റിക്കൊണ്ടിരുന്നാല്‍ നമ്മുടെ സംവിധാനത്തില്‍ എന്തോ കുഴപ്പമുണ്ടെന്നു തോന്നിക്കും. വളരെ മോശമായി ചിത്രീകരിക്കപ്പെടും. ഇന്ത്യന്‍ ടീമിന്റെ കളത്തിലെ പ്രകടനത്തെയും അതു ബാധിക്കും, ബല്‍ബീര്‍ സിങ് പറഞ്ഞു.
ഇന്ത്യക്കാരനല്ലാത്ത പരിശീലകനെ നിയമിക്കാതെ വിദേശിയെ വിളിച്ചുവരുത്തുകയാണെങ്കില്‍ അദ്ദേഹത്തെ ബഹുമാനിക്കണം.
റിയോ ഒളിംപിക്സിന് ഇനി ഒരുവര്‍ഷം അവശേഷിക്കുന്നുണ്ട്. ഹോക്കി ഇന്ത്യ പ്രസിഡന്റ് പറഞ്ഞതനുസരിച്ചാണെങ്കില്‍ വാന്‍ അസ് ഇപ്പോഴും ഇന്ത്യയുടെ കോച്ചാണ്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ മടങ്ങിവന്ന് ചുമതലയേല്‍ക്കാന്‍ പ്രേരിപ്പിക്കണമെന്നും ബല്‍ബീര്‍ സിങ് നിര്‍ദേശിച്ചു.
















