മ്യൂണിച്ച്: ചിലി മിഡ്ഫീല്‍ഡര്‍ അര്‍ട്ടുറോ വിദാല്‍ ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചില്‍. ഇറ്റാലിയന്‍ ടീം യുവന്റസില്‍ നിന്നാണ് ബയേണിലേക്കുള്ള വിദാലിന്റെ ചേക്കേറല്‍. നാലു വര്‍ഷത്തെ കരാറിലാണ് വിദാല്‍ ബയേണിലെത്തുന്നത്. 37 ദശലക്ഷം യൂറോ പ്രതിഫലവും. താരവും ക്ലബ്ബും തമ്മില്‍ എല്ലാകാര്യങ്ങളിലും ധാരണയായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പരിക്കേറ്റ പ്ലേ മേക്കര്‍ ഫ്രാങ്ക് റിബറിക്കും ടീം വിട്ടുപോയ ബാസ്റ്റിന് ഷ്വാന്സ്റ്റീഗര്ക്കും തുല്യം നില്ക്കാന് കഴിയുന്ന ഒരു കളിക്കാരനെ തേടിയ ബയേണ്‍ ഒടുവില്‍ വിദാലില്‍ കണ്ണുവയ്ക്കുകയായിരുന്നു. 2011 മുതല്‍ നാലുവര്‍ഷം യുവന്റസിന്റെ കുപ്പായമണിഞ്ഞ വിദാല്‍ നാലു സീരി എ കിരീട ജയങ്ങളുടെ ഭാഗമായിരുന്നു.
നേരത്തെ, ബെയര്‍ ലെവര്‍കൂസനുവേണ്ടി ബൂട്ടു കെട്ടിയിട്ടുള്ള വിദാലിനെ സംബന്ധിച്ചടത്തോളം ഇത് ബുണ്ടെസ് ലീഗയിലേക്കുള്ള തിരിച്ചുപോക്കുകൂടിയാണ്. കോപ്പ അമേരിക്കയില്‍ ചിലിയെ ജേതാക്കളാക്കിയ പ്രകടനമാണ് വിദാലിനെ സ്വന്തമാക്കാന്‍ ബയേണിനെ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു. ടൂര്‍ണമെന്റില്‍ മൂന്നു ഗോളുകള്‍ കുറിച്ച വിദാല്‍ ചിലിയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നിരുന്നു.
















