ന്യൂദല്‍ഹി: കല്‍ക്കരിപാട വിതരണ അഴിമതി കേസിലെ പ്രതിയായ കല്‍ക്കരി വകുപ്പ് മുന്‍സഹമന്ത്രിക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് നല്‍കാന്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവില്‍ നിന്ന് തനിക്ക് സമ്മര്‍ദ്ദമുണ്ടായെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാര്‍ലമെന്റില്‍ നേതാവിന്റെ പേര് വെളിപ്പെടുത്തുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ പറഞ്ഞു.
ലളിത് മോഡി വിഷയത്തില്‍ സുഷമയുടെ രാജിക്കായി പാര്‍ലമെന്റില്‍ പ്രതിഷേധം നടത്താനിരുന്ന കോണ്‍ഗ്രസിന് പുതിയ വെളിപ്പെടുത്തല്‍ തിരിച്ചടിയായി. കല്‍ക്കരി വകുപ്പ് സഹമന്ത്രിയായി
യിരുന്ന സന്തോഷ് ബഗ് രോദിയയ്‌ക്ക് പാസ്‌പോര്‍ട്ട് നല്‍കാനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായത്.
കല്‍ക്കരി പാട വിതരണ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ സന്തോഷ് ബഗ്‌രോദിയയ്‌ക്കും കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തയ്‌ക്കുമെതിരേ ദല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ഭാരത് പരാശര്‍ കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുഷമയുടെ വെളിപ്പെടുത്തല്‍. അടുത്ത മാസം 18 ന് ഇരുവരോടും കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മഹാരാഷ്‌ട്രയിലെ ബാന്ദര്‍ കല്‍ക്കരി പാടം എഎംആര്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് അനുവദിക്കാന്‍ വഴിവിട്ട നീക്കം നടത്തിയെന്ന കേസിലാണ് സന്തോഷ് ബഗ് രോദിയയ്‌ക്ക് കോടതി സമന്‍സ് അയച്ചത്.
ക്രിമിനല്‍ ഗൂഢാലോചന (സെക്ഷന്‍ 120ബി), വഞ്ചന (420), എന്നീ വകുപ്പുകളാണ് ബഗ്‌രോദിയയ്‌ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
















