മുംബൈ: കനത്ത മഴ മുംബൈയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിന്റെ പലമേഖലകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. സബര്‍ബെന്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഏതാണ്ട് പൂര്‍ണമായും തടസ്സപ്പെട്ടു.
പടിഞ്ഞാറന്‍, സെന്‍ട്രല്‍ ലൈനുകളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. വെള്ളപ്പൊക്കംമൂലം പടിഞ്ഞാറന്‍ റെയില്‍വേ ചില എക്‌സ്പ്രസ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. ഛത്രപതി ശിവജി ടെര്‍മിനസ് (സിഎസ്ടി), സിയോണ്‍, കുര്‍ള എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയത്. കനത്ത മഴയെ തുടര്‍ന്ന് താനെ സ്‌കൂള്‍ അടച്ചു.
കഴിഞ്ഞ 24 മണിക്കൂറില്‍ തെക്കന്‍ മുംബൈയിലെ കൊളാബയില്‍ 15.8 എംഎം മഴയാണ് ലഭിച്ചത്. 61എംഎം മഴ പെയ്തതായിട്ടാണ് സന്താക്രൂസ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത 48 മണിക്കൂറിലും കനത്തമഴ ലഭിച്ചേക്കുമെന്നാണ് ഐഎംഡി മുംബൈ ഡയറക്ടര്‍ വി.കെ. രാജീവ് പറഞ്ഞു.
ബാന്ദ്ര സ്റ്റേഷനില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. അഹമ്മദാബാദ് എക്‌സ്പ്രസ്, ബാന്ദ്രാ-സൂറത്ത് ഇന്റര്‍സിറ്റി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസ്, മുംബൈ സെന്‍ട്രല്‍-പോര്‍ബന്ദര്‍ എക്‌സപ്രസ്, ബാന്ദ്രാ ടെര്‍മിനസ്-വാപി പാസഞ്ചര്‍ ട്രെയിന്‍ എന്നിവയാണ് റദ്ദാക്കിയത്.
പടിഞ്ഞാറന്‍ എക്‌സ്പ്രസ് ഹൈവേയില്‍ വന്‍ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ബസുകളെല്ലാം വഴിതിരിച്ചുവിടുകയായിരുന്നു. താനെ സിറ്റിയിലെ ഗാര്‍ഡന്റെ മതിലിടിഞ്ഞ് ഒരുവാഹനത്തിന് മേലെ പതിച്ചു. ആര്‍ക്കെങ്കിലും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല.
















