ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കിയുടെ പരിശീലകനെ പുറത്താക്കി. ഹോളണ്ടുകാരനായ പോള്‍ വാന്‍ ആസിനെയാണ് ഇന്നലെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ചീഫ് പരിശീലകസ്ഥാനത്തുനിന്ന് പുറത്താക്കിയത്. പോള്‍ വാന്‍ ആസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് മാസം മുമ്പാണ് നെതര്‍ലന്‍ഡുകാരനായ പോള്‍ വാന്‍ ആസ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ കോച്ചായി ചുമതലയേറ്റത്. നേരത്തെ ഇന്ത്യന്‍ കോച്ചായിരുന്ന ഒാസ്‌ട്രേലിയയുടെ ടെറി വാല്‍ഷിനെ പുറത്താക്കിയാണ് പോള്‍ വാന്‍ ഇന്ത്യന്‍ കോച്ചായി നിശ്ചയിച്ചത്.
ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്രയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പുറത്താകലിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
വേള്‍ഡ് ലീഗ് സെമിയില്‍ മലേഷ്യക്കെതിരായ മത്സരത്തിന് ശേഷം ആസും ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്രയും പര്യസ്യമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതാണ് പുറത്താക്കലിന് കാരണമായതെന്നാണ് സൂചന. ഇക്കഴിഞ്ഞ സുല്‍ത്താന്‍ അസ്‌ലന്‍ ഷാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം അണിഞ്ഞത് ആസിന്റെ നേതൃത്വത്തിലായിരുന്നു. അപ്രതീക്ഷിതമാണ് നടപടിയെന്നും ഹോക്കി ഇന്ത്യ ഡയറക്ടര്‍ റോളണ്ട് ഓള്‍ട്ട്മാന്‍സാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും പോള്‍ വാന്‍ ആസ് പ്രതികരിച്ചു.
ലോക ഹോക്കി ലീഗ് മത്സരത്തിനിടെ മൈതാനത്തെത്തി ടീം അംഗങ്ങളെ കണ്ട ബത്രയോട് വാന്‍ ആസ് പുറത്ത് പോവാന്‍ ആവശ്യപ്പെട്ടതാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഹിമാചല്‍ പ്രദേശില്‍ ദേശിയ ടീമിന്റെ ക്യാമ്പ് ആരംഭിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യം ആരാഞ്ഞപ്പോള്‍ വാന്‍ ആസാണ് ബത്ര തന്നെ പുറത്താക്കിയെന്ന് വെളിപ്പെടുത്തിയത്. അതേസമയം, ഹോക്കി ഇന്ത്യയുടെ തീരുമാനം തന്നെ ഞെട്ടിച്ചെന്നും ആസ് പറഞ്ഞു.
















