ന്യൂദല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ദൂരപരിധി നിര്‍ണ്ണയ സംവിധാനമായ ദൃഷ്ടി ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പൂര്‍ണ്ണ തോതില്‍ സജ്ജമായി. സിഎസ്ആറിന് കീഴിലുളള ബെംഗളൂരുവിലെ നാഷണല്‍ എയറോസ്‌പേസ് ലബോറട്ടറീസ് ആണ് റണ്‍വേയുടെ ദൂരപരിധിനിര്‍ണ്ണയിക്കുന്നതിനുളള സംവിധാനം വികസിപ്പിച്ചത്.്
മോശമായ കാലാവസ്ഥകളില്‍ വിമാനങ്ങളുടെ സുരക്ഷിതമായ ടേക്ക്ഓഫും ലാന്റിംഗും ഉറപ്പുവരുത്താന്‍ റണ്‍വേയുടെ ദൂരപരിധി നിര്‍ണ്ണയിക്കാന്‍ വേണ്ടിയുളളതാണ് ദൃഷ്ടി. 25 മീറ്റര്‍ മുതല്‍ 2000 മീറ്റര്‍ വരെ റണ്‍വേയുടെ ദൂരപരിധി ദൃശ്യമാകുന്ന ഇത്തരത്തിലുളള ഉപകരണം സ്ഥാപിച്ച രാജ്യത്തെ ആദ്യ വിമാനത്താവളമാണ് ദല്‍ഹിയിലേത്.
വിവിധ വിമാനത്താവളങ്ങളിലായി ഇത്തരം 70 ദൃഷ്ടി സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് എന്‍എഎല്ലും കേന്ദ്ര കാലാവസ്ഥാ വകുപ്പും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ചെലവ് കുറഞ്ഞതും വേഗത്തില്‍ ഉപോഗിക്കാന്‍ കഴിയുന്ന തരത്തിലുമുളള സംവിധാനമായ ദൃഷ്ടിയുടെ അറ്റകുറ്റപ്പണികള്‍ ബംഗളൂരുവിലെ എന്‍എഎല്‍ ആസ്ഥാനത്തു നിന്ന് ഇന്റര്‍നെറ്റ് വഴി നടത്താന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതകളില്‍പ്പെടും. ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വളരെ ചെലവേറിയതിനാലാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.
















