ന്യൂദല്‍ഹി: വ്യാപം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തിന് സുപ്രീംകോടതി അനുമതി നല്കി. മൂന്നു ദിവസത്തിനകം കേസിലെ 245 പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് പ്രത്യേക ദൗത്യസംഘം(എസ്ടിഎഫ്) കോടതിയില്‍ സമര്‍പ്പിക്കേണ്ടത്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കേസ് അന്വേഷിച്ചുകൊണ്ടിരുന്ന എസ്ടിഎഫിനോടു തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ അന്വേഷണ സംഘമാണ് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാഴാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തു അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദ്ദേശിച്ചത്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
വ്യാപവുമായി ബന്ധപ്പെട്ട 105 കേസുകള്‍ അന്വേഷണ സംഘത്തില്‍ നിന്നും ഏറ്റെടുക്കുന്നതിനായി ഏകദേശം 4 ആഴ്ചകളെങ്കിലും വേണ്ടിവരുമെന്നാണ് സിബിഐയുടെ നിലപാട്. എന്നാല്‍ ഈ കാലതാമസം പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് കാരണമാകുമെന്നും അന്വേഷണ സംഘം തന്നെ കുറ്റപത്രം സമര്‍പ്പിക്കട്ടെയെന്നും സിബിഐ കോടതിയെ അറിയിച്ചു.
കേസിലെ 245 പ്രതികള്‍ക്ക് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയാല്‍ ജാമ്യം ലഭിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങും കോടതിയോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കിയത്.
















