മുംബൈ: വടക്കന്‍ മഹാരാഷ്ട്രയില്‍ സര്‍വീസ് തോക്കില്‍ നിന്ന് വെടിയേറ്റു സൈനികന് മരിച്ചു. ഭുസാവാള്‍ സ്വദേശിയായ ഷെയിഖ് അഖ്വില്‍ ഷെയിഖ് റഹ്മാന്(32) ആണ് മരിച്ചത്. ജാല്‍ഗോണ്‍ ജില്ലയിലെ ഭജര്പേതില് ഇന്നലെ രാത്രിയാണ് സംഭവം.
കഴിഞ്ഞ ദിവസം സൈനികനും രണ്ടു യുവാക്കളും തമ്മിലുണ്ടായ തര്‍ക്കമാണ് ഇത്തരമൊരു സംഭവത്തിലേക്ക് വഴിവച്ചത്. തര്‍ക്കം രൂക്ഷമായതോടെ യുവാക്കള്‍ ജവാന്റെ സര്‍വീസ് തോക്ക് പിടിച്ച് വാങ്ങിയ ശേഷം വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
റഹ്മാന്റെ കൈയിലും വയറ്റിലുമാണ് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി രണ്ടാം വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
















