ന്യൂദല്‍ഹി: സര്‍ക്കാര്‍-തൊഴിലുടമ-തൊഴിലാളി സംവിധാനം രാജ്യത്ത് ശക്തിപ്പെടുത്തുമെന്ന് വിവിധ തൊഴിലാളി യൂണിയന് നേതാക്കള്‍ക്ക് പ്രധാനമന്ത്രി ഉറപ്പ് നല്കി. ത്രികക്ഷി സംവിധാനത്തില്‍ മാറ്റംവരുത്തുമെന്നും കൂടുതല്‍ മികച്ച രീതിയില്‍ സംവിധാനം പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരും തൊഴിലാളി യൂണിയനുകളും തമ്മില്‍ ആശയ വിനിമയത്തിലെ തകരാറാണ് സംഭവിച്ചതെന്നും അതു പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ രാത്രിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ രാജ്യത്തെ പ്രമുഖ 11 തൊഴിലാളി യൂണിയന് നേതൃത്വവുമായി നടന്ന ചായസത്ക്കാരത്തിനിടെ സംസാരിക്കുകയായിരുന്നു മോദി. രാജ്യത്തെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രഖ്യാപനങ്ങളും കേന്ദ്രനിലപാടുകളും ഇന്ന് നടക്കുന്ന തൊഴിലാളി സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ പറയാമെന്നും പ്രധാനമന്ത്രി തൊഴിലാളി സംഘാടനാ നേതാക്കളോട് പറഞ്ഞു.
തികച്ചും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ തൊഴിലാളി യൂണിയന് നേതാക്കള്‍ തൃപ്തരാണ്.ബിഎംഎസ്, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ് അടക്കം പ്രമുഖ 11 തൊഴിലാളി യൂണിയനുകളുടെ നേതാക്കളെയാണ് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. മലയാളികളായ ബിഎംഎസ് മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ.സജിനാരായണനും ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് ചന്ദ്രശേഖറും യോഗത്തില്‍ പങ്കെടുത്തു.
















