ന്യൂദല്‍ഹി: മതപരമായ ചടങ്ങുകള്‍ക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിനുണ്ടായിരുന്ന തടസ്സങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മതപരവും സാമൂഹ്യവും സാംസ്‌ക്കാരികവുമായ പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും മൃഗങ്ങളെ ഉപയോഗിക്കുന്നത് തടയേണ്ടെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി-വന്യജീവി മന്ത്രാലയത്തിന്റെ പുതിയ നിലപാട്.
തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിലപാടിനു പ്രാധാന്യമേറെയുണ്ട്.
കേരളത്തിലുള്‍പ്പെടെ, ഉത്സവങ്ങള്‍ക്ക് ആനയെ ഉപയോഗിക്കുന്നതിനെതിരെ നിരവധി സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇത്തരം ആഘോഷങ്ങളില്‍ ആനകളെ നിരോധിക്കുന്നത് അനുകൂലിക്കാനാവില്ലെന്നാണ് കേന്ദ്രനിലപാട്.
മതപരമായ ചടങ്ങുകള്‍ക്ക് ആനകളെ ഉപയോഗിക്കുന്നതും പരമ്പരാഗതമായ ഗ്രാമീണ കായികവിനോദങ്ങള്‍ക്ക് കാളകളെ ഉപയോഗിക്കുന്നതും അനുവദിക്കാന്‍ നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
സിനിമയില്‍ ഉള്‍പ്പെടെ വിനോദത്തിനായി മൃഗങ്ങളെ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമത്തില്‍ ആനകളുടെ ഉപയോഗത്തിന് നിയന്ത്രണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൊതുചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന മൃഗങ്ങളെ രജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം 2001ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് നിലവില്‍ വന്നത്.
കേരളത്തിലെ മതപരമായ ചടങ്ങളുകള്‍ക്ക് ആനകളെ ഉപയോഗിക്കുന്നതിനായി മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ആനകള്‍ക്ക് സഹിക്കേണ്ടിവരുന്നുണ്ടെന്ന് മൃഗക്ഷേമബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ എല്ലാ നാട്ടാനകളുടേയും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നതാണ്.
















