കൊല്‍ക്കത്ത: ഐവറികോസ്റ്റിന്റെയും ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സിയുടെയും ഗോളടിയന്ത്രമായിരുന്ന ദിദിയര്‍ ദ്രോഗ്ബയെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമുകള്‍ നോട്ടമിടുന്നു. ചെല്‍സിയിലെ രണ്ടാമൂഴത്തിനുശേഷം പുതിയ ടീമിനെ തേടുകയാണ് ദ്രോഗ്ബ. ഈ സാഹചര്യത്തിലാണ് ചില ഐഎസ്എല്‍ ടീമുകള്‍ താരത്തെ പാളയത്തിലെത്തിക്കാന്‍ നീക്കമാരംഭിച്ചത്.
നിലവിലെ ചാമ്പ്യന്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത, കേരള ബ്ലാസ്റ്റേഴ്‌സ്, പൂനെ സിറ്റി എഫ്‌സി എന്നിവ ഇനിയും മാര്‍ക്വി താരത്തെ നിശ്ചയിച്ചിട്ടില്ല. മാര്‍ക്വി കളിക്കാരനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന ദിവസം ജൂലൈ 31ആണ്. നോര്‍വീജിയന്‍ ലെഫ്റ്റ് ബാക്ക് ജോണ്‍ ആര്‍ണെ റൈസ് ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതരുടെ മനസിലുണ്ട്. അത്‌ലറ്റിക്കോയാകട്ടെ പോര്‍ച്ചുഗല്‍ ഫോര്‍വേഡ് ഹെല്‍ഡര്‍ പോസ്റ്റിഗയോട് താത്പര്യം അറിയിച്ചുകഴിഞ്ഞു.
റൊമാനിയയുടെ അഡ്രിയന്‍ മുട്ടുവിനെ കൂടെക്കൂട്ടാനാണ് പൂനെ സിറ്റിയുടെ ശ്രമം. എന്നാല്‍ ഈ ടീമുകളിലൊന്ന് ദ്രോഗ്ബയെ കൈക്കലാക്കിയാല്‍ ഐഎസ്എല്ലിന്റെ പ്രചാരത്തില്‍ അതു വന്‍ സ്വാധീനം ചെലുത്തും. ഇവയിലൊരു ടീമും ദ്രോഗ്ബയുമായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണെന്ന് ഐഎസ്എല്ലുമായി അടുത്ത ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതേസമയം, ദ്രോഗ്ബയെ സ്വന്തമാക്കുക സൂപ്പര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് അത്ര എളുപ്പമാവില്ല. ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി അടക്കമുള്ള മേജര്‍ സോക്കര്‍ ലീഗ് ടീമുകള്‍ ദ്രോഗ്ബയില്‍ കണ്ണുവെച്ചിട്ട് ഏറെ നാളായി. ചില പശ്ചിമേഷ്യന്‍ ക്ലബ്ബുകളും ദ്രോഗ്ബയ്‌ക്കായി പണമെറിയാന്‍ തയ്യാറെടുക്കുന്നു.
ധനവിനിയോഗത്തിനുള്ള പരിമിതിയും ഐഎസ്എല്‍ ക്ലബ്ബുകളെ വലയ്‌ക്കുന്നുണ്ട്. വിദേശ താരങ്ങളെ സ്വന്തമാക്കാന്‍ 15.5 കോടി രൂപവരെയെ അവര്‍ക്കു ചെലവിടാനാവൂ. പോയവര്‍ഷം ഡല്‍ഹി ഡൈനാമോസിനോട് ഇറ്റാലിയന്‍ ഫോര്‍വേഡ് അലക്‌സാന്ദ്രൊ ദെല്‍ പിയറോ 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. അതില്‍ കുറഞ്ഞൊരു തുക ഏതായാലും ദ്രോഗ്ബ ചോദിക്കാനിടയില്ല.
















