ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിന്റെ വെല്ലുവിളി അതിജീവിച്ച ഇന്ത്യ ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫിന് അര്‍ഹത നേടി. ഏഷ്യ/ ഓഷ്യാന ഗ്രൂപ്പ് വണ്‍ മുഖാമുഖത്തില്‍ 3-2നായിരുന്നു ഇന്ത്യയുടെ ജയം.
നിര്‍ണായക അവസാന റിവേഴ്‌സ് സിംഗിള്‍സില്‍ മൈക്കല്‍ വീനസിനെ 6-2, 6-2, 6-3 എന്ന സ്‌കോറിന് തുരത്തിയ യൂക്കി ഭാംബ്രി ഇന്ത്യയുടെ നായക വേഷം എടുത്തണിഞ്ഞു. ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ മാര്‍ക്വസ് ഡാനിയേലിനെ മറികടന്ന സോംദേവ് ദേവ് വര്‍മ്മന്‍ ഇന്ത്യയെ 2-2ന് ഒപ്പമെത്തിച്ചിരുന്നു (6-4, 6-4, 6-4).
ഡേവിസ് കപ്പ് കരിയറിലെ സുപ്രധാന മത്സരങ്ങളിലൊന്നില്‍ ഭാംബ്രി രാജ്യത്തിന്റെ പ്രതീക്ഷകാത്തു. ആദ്യാവസാനം വീനസിനെ യൂക്കി നിലത്തുനിര്‍ത്തിയില്ല. മൂന്നാം സെറ്റില്‍ മാത്രമേ വീനസ് അല്‍പ്പമെങ്കിലും പോരാട്ടവീര്യം കാട്ടിയുള്ളു. എങ്കിലും അതൊന്നും പോരായിരുന്നു യൂക്കിയെ മറികടക്കാന്‍. ഡാനിയേലുമായുള്ള സോംദേവിന്റെ അങ്കം അല്‍പ്പംകൂടി കടുത്തതായിരുന്നു.
ആദ്യ ഗെയിമില്‍ തന്നെ ഡാനിയേലിനെ ബ്രേക്ക് ചെയ്തു മുന്നില്‍ക്കയറിയ സോംദേവ് ഒന്നാം സെറ്റ് അനായാസം പോക്കറ്റിലാക്കി. ഡാനിയേല്‍ ശക്തമായ ചെറുത്തു നില്‍പ്പിന്റെ ലക്ഷണം കാട്ടിയെങ്കിലും ഓരോ ബ്രേക്കുകളിലൂടെ തുടര്‍ന്നുള്ള സെറ്റുകളും സ്വന്തംപേരിലെഴുതിയ സോംദേവ് 2 മണിക്കൂര്‍ 18 മിനിറ്റില്‍ കളിയവസാനിപ്പിച്ചു.
















