പാരീസ്: റേസിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഫ്രഞ്ച് ഫോര്‍മുലാവണ്‍ ഡ്രൈവര്‍ ജൂള്‍സ് ബിയാഞ്ചി(25)യുടെ ശവ സംസ്‌കാരം നാളെ.
ജന്മനാടായ നൈസിലെ സെയിന്റ് റിപ്പറേറ്റ് കത്രഡെലില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും സാന്നിധ്യത്തിലാവും ബിയാഞ്ചിയുടെ സംസ്‌കാരം. തലച്ചോറിന് പരിക്കേറ്റ് ഒമ്പത് മാസമായി കോമയിലായിരുന്ന ബിയാഞ്ചി വെള്ളിയാഴ്ചയാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ ജാപ്പനീസ് ഗ്രാന്‍ഡ് പ്രീയ്‌ക്കിടെയായിരുന്നു മറൂസിയയ്‌ക്കുവേണ്ടി സ്റ്റിയറിങ് പിടിച്ച ബിയാഞ്ചിയുടെ ജീവനെടുത്ത അപകടം. കനത്ത മഴ പശ്ചാത്തലമൊരുക്കിയ സുസുക്ക സര്‍ക്യൂട്ടില്‍ നടന്ന റേസിന്റെ 44-ാം ലാപ്പില്‍വച്ച് 200 കിലോ മീറ്റര്‍ വേഗത്തില്‍ ബിയാഞ്ചിയുടെ കാര്‍ ട്രാക്കിനു പുറത്തെ റിക്കവറി ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് താരം നൈസിലെ ആശുപത്രിയില്‍ ഏറെനാള്‍ ചികിത്സയില്‍ കഴിഞ്ഞു.
ബിയാഞ്ചിയുടെ വിയോഗത്തോടെ പ്രതിഭാധനനായ യുവ ഡ്രൈവറെയാണ് റേസിങ് ലോകത്തിന് നഷ്ടപ്പെട്ടത്. 2013ല്‍ മറൂസിയയില്‍ ചേര്‍ന്ന ബിയാഞ്ചി 34 ഗ്രാന്‍ഡ് പ്രീകളില്‍ പങ്കെടുത്തു. ഫെരാരി, ഫോഴ്‌സ് ഇന്ത്യ എന്നിവയ്‌ക്കുവേണ്ടി ടെസ്റ്റ്, റിസര്‍വ് ഡ്രൈവറുടെ വേഷങ്ങളും കെട്ടി.
ബ്രസീലിയന്‍ ഇതിഹാസം അയര്‍ട്ടന്‍ സെന്നയ്‌ക്കുശേഷം (1994) റേസിങ് ട്രാക്കിലെ അപകടത്തെ തുടര്‍ന്ന് മരിക്കുന്ന ആദ്യ ഡ്രൈവര്‍ കൂടിയാണ് ബിയാഞ്ചി. ഇതു രണ്ടാം തവണയാണ് ബിയാഞ്ചിയുടെ കുടുംബം റേസ് ദുരന്തത്തെ നേരിടുന്നത്. 1969ല്‍ ബിയാഞ്ചിയുടെ അമ്മാവന്‍ ലൂസിയന്റെ ജീവനും ട്രാക്കില്‍ പൊലിഞ്ഞിരുന്നു.
















