ന്യൂദല്‍ഹി:പാക്കിസ്ഥാന് വെടിവെച്ചു വീഴ്ത്തിയ ആളില്ലാ വിമാനം ചൈനാ നിര്‍മ്മിതമാണെന്ന് ചൈന സ്ഥിരീകരിച്ചു. ഇതോടെ പാക്കിസ്ഥാന് നടത്തുന്ന ഭാരത വിരുദ്ധ പ്രചാരണങ്ങള്‍ പലതും അടിസ്ഥാന രഹിതമാണെന്നതിന് കൂടുതല്‍ തെളിവായി. അതേസമയം, വിമാനം വീണപ്പോള്‍ത്തന്നെ അതെക്കുറിച്ചുള്ള സൂക്ഷ്മ വിവരങ്ങള്‍ പുറത്തുവിട്ടത് ഭാരതത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് വിദേശരാജ്യങ്ങള്‍ വിലയിരുത്തുന്നു. മാത്രമല്ല, ചൈന-പാക് ബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടാന്‍ ഈ സംഭവം വഴിതുറക്കുകയും ചെയ്യും.
നിയന്ത്രണരേഖയില്‍ പാക്ക് അധിനിവേശ കശ്മീരില്‍ പാക്കിസ്ഥാന് വെടിവെച്ചു വീഴ്ത്തിയ ആളില്ലാ നിരീക്ഷണ വിമാനം ചൈനാ നിര്‍മ്മിതമാണെന്ന് ചൈനീസ് ഔദ്യോഗിക പത്രമായ ചൈനീസ് ഡെയ്ലിയാണ് വെളിപ്പെടുത്തിയത്. ഡിഡെഐ- ഫാന്റം ത്രീ എന്ന ചെറുവിമാനമാണ് തകര്‍ന്നു വീണതെന്നും അതു ചൈനയിലാണ് നിര്‍മ്മിക്കുന്നതെന്നും പത്രം സ്ഥിരീകരിച്ചു. ഇതോടെയാണ് ഭാരതം പാക്കിസ്ഥാനില്‍ രഹസ്യ നിരീക്ഷണം നടത്തിയെന്നും ആ വിമാനം വെടിവെച്ചിട്ടുവെന്നുമുള്ള പാക് സൈന്യത്തിന്റെ അവകാശവാദം പൊളിഞ്ഞത്.
ചൈനയില്‍ നിര്‍മ്മിച്ച ആളില്ലാ വിമനം ഭാരതസൈന്യം ഉപയോഗിക്കുന്നില്ല. തകര്‍ന്നു വീണ വിമാനം ഭാരതത്തിന്റേതല്ലെന്നും അതു ഭാരത ഡിസൈനിലുള്ളതല്ലെന്നും സംഭവം നടന്ന് മണിക്കൂറിനുള്ളില്‍ത്തന്നെ ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പ്രസ്താവിച്ചിരുന്നു. അതേസമയം, പീപ്പിള്‍സ് ഡെയ്ലിയുടെ വെളിപ്പെടുത്തല്‍ ചൈനാ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പാക്കിസ്ഥാനും ചൈനയും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം പരസ്യമായും രഹസ്യമായും നടത്തുന്നതിനിടെയാണ് ഈ സംഭവം.
ചൈന രഹസ്യ വിവരം ചോര്‍ത്താന്‍ ആളില്ലാ വിമാനം അയച്ചതാണെന്ന് പാക്കിസ്ഥാന് ആരോപിച്ചാല്‍ അത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശിഥിലമാകും. മാത്രമല്ല, ഭാരത-പാക്കിസ്ഥാന് അതിര്‍ത്തിയിലെ ചൈനയുടെ ഇടപെടല്‍ ചര്‍ച്ചാ വിഷയമാകുകയും ചെയ്യും.
















