മുംബൈ: അടുത്ത പതിനഞ്ചു വര്‍ഷത്തിനിടെ ഭാരത സമ്പദ്‌വ്യവസ്ഥ എട്ടുലക്ഷം കോടിയിലെത്തുമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗാരിയ. ഈ കാലയളവില്‍ വളര്‍ച്ചാ നിരക്ക് പത്ത് ശതമാനമാകുമെന്നും പനഗാരിയ പറഞ്ഞു.
മുംബൈയില്‍ എസ്ബിഐ മുന്‍ ചെയര്‍മാന്‍ രാജ് കുമാര്‍ തല്‍വാര്‍ അനുസ്മരണച്ചടങ്ങില്‍ ‘വളര്‍ച്ച, ദാരിദ്ര്യം, സാമ്പത്തിക പരിണാമം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പനഗാരിയ.
ഈ വളര്‍ച്ച കൈവരിച്ചാല്‍ ജപ്പാനെ മറികടന്ന് ചൈനയ്‌ക്കും യുഎസിനും പിന്നില്‍ രണ്ടാമതെത്തും. ലോക ബാങ്കിന്റെയും ഐഎംഎഫിന്റെയും കണക്കുപ്രകാരം 2030ഓടെ ഭാരതത്തിന്റെ വളര്‍ച്ച 10 ലക്ഷം കോടിയിലെത്തും- പനഗാരിയ പറഞ്ഞു.
2003-04 മുതല്‍ 2012-13 വരെയുള്ള ദശകത്തിനിടെ പത്ത് ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായി. ഡോളറിന്റെ കണക്കിലാണിത്. അതേസമയം, വ്യവസായ വളര്‍ച്ച കഴിഞ്ഞ മെയില്‍ 2.7 ശതമാനത്തില്‍ നില്‍ക്കുന്നു. 4.1 ശതമാനത്തിലെത്തുമെന്നായിരുന്നു പ്രതീക്ഷ. ഒരു വര്‍ഷം മുമ്പിത് 5.6 ശതമാനമായിരുന്നു.
അതേസമയം, പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) ജൂണില്‍ 51.3 ശതമാനമായി. മെയ് മാസത്തിലിത് 52.6 ശതമാനം. ആകെ വളര്‍ച്ചയുടെ 30 ശതമാനമാണ് നിക്ഷേപ നിരക്കെന്നും പനഗാരിയ.
















