ന്യൂദല്‍ഹി: പത്ത് എക്സ്പ്രസ് ഹൈവേകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേ മാതൃകയിലാകും ഇവ നിര്‍മിക്കുക. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഇത് കുതിപ്പേകും. നാഗ്പൂര്‍-മുംബൈ, ബെംഗളൂരു-ചെന്നൈ, ബറോഡ-മുംബൈ, കത്ര-അമൃതസര്‍, ലുധിയാന-ദല്‍ഹി ഹൈവേകള്‍ ആദ്യഘട്ടത്തിലെന്നും ഗഡ്കരി പറഞ്ഞു.
നിര്‍മാണം ലോകനിലവാരത്തില്‍. ഇന്ധനക്ഷമതയ്ക്ക് മുന്‍ഗണന. പാതകള്‍ നിലവില്‍ വന്നാല്‍ നഗരങ്ങള്‍ തമ്മിലുള്ള ദൂരം കുറയും. അപകടങ്ങള്‍ കുറയ്ക്കുകയും മികച്ച പാതകളിലൂടെ ലക്ഷ്യമിടുന്നു. അപകടങ്ങളില്‍ വര്‍ഷം ഒന്നര ലക്ഷം പേര്‍ക്ക് ജീവന് നഷ്ടം, അഞ്ചു ലക്ഷം പേര്‍ക്ക് വൈകല്യം സംഭവിക്കുന്നു. പുതിയ പാതകള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകും. ഹൈവേ, ഷിപ്പിങ് മേഖലകളില്‍ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുകയും സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഗഡ്കരി പറഞ്ഞു.
6,000 കോടി രൂപ ചെലവു വരുന്ന 260 കിലോമീറ്റര്‍ ദുരമുള്ള ബംഗളൂരു-ചെന്നൈ പാത പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്യും. നാഗപൂര്‍-മുംബൈ പാത നാഗപൂര്‍, ഔറംഗാബാദ് നഗരങ്ങളെ മുംബൈയുമായി വേഗത്തില്‍ ബന്ധിപ്പിക്കും. ലുധിയാന-ദല്‍ഹി പാത ഇരു നഗരങ്ങള്ക്കമിടയിലെ ദൂരം 50 കിലോമീറ്റര്‍ കുറയ്ക്കും. ചണ്ഡിഗഢിനെ ഇതിന്റെ ഭാഗമാക്കുമെന്നും ഗഡ്കരി.
മുംബൈ-പൂനെ ഹൈവേ നിര്‍മിച്ചതും, ഫ്ളൈഓവറുകളിലൂടെ മഹാരാഷ്ട്രയിലെ ഗതാഗതസ്തംഭനത്തിന് ഒരുപരിധിവരെ അന്ത്യമുണ്ടാക്കിയതും ഗഡ്കരി സംസ്ഥാന പിഡബ്ല്യുഡി മന്ത്രിയായിരിക്കെയാണ്. ആ മാതൃക ദേശീയ തലത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
















