ന്യൂദല്‍ഹി: ഭാരതം 2020ഓടെ ഹിന്ദുരാഷ്ട്രമാകുമെന്ന് വിശ്വഹിന്ദുപരിഷത്ത് രക്ഷാധികാരി അശോക് സിംഘാള്‍. 2020ല്‍ ഭാരതവും 2030ല്‍ ലോകവും ഹിന്ദുത്വത്തിലാകുമെന്ന് സായി ബാബ ഒരിക്കല്‍ ആശ്രമത്തില്‍വച്ച് തന്നോട് പറഞ്ഞിട്ടുള്ളതായും അശോക് സിംഘാള്‍ പറഞ്ഞു.
ന്യൂദല്‍ഹിയില്‍ നടന്ന ആര്‍എസ്എസ് മുന്‍സര്‍സംഘചാലക് സ്വര്‍ഗ്ഗീയ കെ.എസ്,സുദര്‍ശനെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ 800 വര്‍ഷമായുള്ള അടിമത്വം അവസാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇതൊരു പുതിയ വിപ്ലവമായിരുന്നില്ല. ഇത് വീണ്ടും ഭാരതത്തില്‍ ഉറപ്പിക്കലല്ല. ലോകത്തിനുമുമ്പില്‍ പുതിയൊരു ആശയാദര്‍ശം അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുദര്‍ശന്‍ജി ഒപ്പമുള്ളവര്‍ക്ക് പ്രത്യേക ഊര്‍ജ്ജം പകര്‍ന്നിരുന്നതായി ചടങ്ങില്‍ സംസാരിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ആര്‍ക്കും സ്വതന്ത്രമായി അദ്ദേഹത്തെ സമീപിക്കാമായിരുന്നു. അദ്ദേഹം ഒരു സന്യാസിതുല്യനായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ബജ്ംരഗ് ലാല്‍ ഗുപ്ത, സുദര്‍ശന്‍ജിയുടെ സഹോദരന് കെ.എസ്.രമേഷ്, മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
















