ന്യൂദല്‍ഹി: ദല്‍ഹിയില്‍ പ്രായപൂര്‍ത്തിയാവാത്ത 15 കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി പോലീസ് പിടിയില്‍. നോയിഡയില്‍ നിന്നുള്ള ബസ് ഡ്രൈവര്‍ രവീന്ദ്ര കുമാര്‍ (24) ആണ് അറസ്റ്റിലായത്.
ആറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് 2009 നു ശേഷം ദല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് മേഖലയില്‍ നിരവധി കുട്ടികളെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ 15 ന് ആണ് ഇയാള്‍ അറസ്റ്റിലായത്.
കുട്ടികള്‍ക്ക് മിഠായിയോ പണമോ നല്‍കി വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു പതിവെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. പീഡനത്തിനു ശേഷം കുട്ടികളെ കൊലപ്പെടുത്തി അഴുക്കുചാലുകളിലോ വയലിലോ ഉപേക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞു.
ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ബംഗാപുര്‍, കഞ്ച്‌വാല, സമദ്പുര്‍, ബദ്‌ലി, വിജയ്‌വിഹാര്‍ എന്നിവിടങ്ങളിലെ ആറു കുട്ടികളുടെ തിരോധാനത്തിലെ ഇയാളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്.
ആറു വയസുകാരിയുടെ മൃതദേഹത്തിനരുകില്‍ നിന്ന് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതാണ് ഇപ്പോള്‍ അറസ്റ്റിലാകാന്‍ കാരണമായത്. രാത്രിയില്‍ പ്രാഥമികകൃത്യത്തിന് പുറത്തുപോയ പെണ്‍കുട്ടി പിന്നീട് മടങ്ങിവന്നില്ല.
ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്ത് നിര്‍മാണം നടക്കുന്ന വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അയല്‍ക്കാരനാണ് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മറ്റൊരു ആണ്‍കുട്ടിയെ കഴുത്തറുത്ത് ജലസംഭരണിയില്‍ ഉപേക്ഷിച്ച കേസില്‍ അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ചോദ്യം ചെയ്യലിനിടെ ലഭിച്ച വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
















