ഹരാരെ: രാജ്യാന്തര ക്രിക്കറ്റില്‍ മലയാളി താരം സഞ്ജു വി. സാംസണ്‍ അരങ്ങേറി. സിംബാബ്‌വെക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിലാണു സഞ്ജുവിന്റെ അരങ്ങേറ്റം. ഇന്ത്യക്കായി കളിക്കുന്ന നാലാമത്തെ മലയാളി താരമാണു സഞ്ജു. സഞ്ജുവിന് മുമ്പ് എബി കുരുവിള, ടിനു യോഹന്നാന്‍, എസ്. ശ്രീശാന്ത് എന്നീ മലയാളി താരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
ഇന്നത്തെ മത്സരത്തില്‍ ഹര്‍ഭജന്‍ സിംഗിനു വിശ്രമം നല്‍കിയാണു സഞ്ജുവിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തെരഞ്ഞെടുത്തു. നേരത്തേ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലും സഞ്ജുവിനു സ്ഥാനം ലഭിച്ചിരുന്നെങ്കിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പരിക്കേറ്റ അമ്പാട്ടി റായിഡുവിനു പകരക്കാരനായാണു ബിസിസിഐ സഞ്ജുവിനെ സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ പ്രമുഖര്‍ക്കെല്ലാം വിശ്രമം നല്‍കിയാണ് ഇന്ത്യ സിംബാബ്‌വെയിലേക്കു ടീമിനെ അയച്ചത്. സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ഏകദിന പരമ്പരയിലും ആദ്യ ട്വന്റി-20 യിലും റോബിന്‍ ഉത്തപ്പയാണു ഗ്ലൗസണിഞ്ഞത്. ഉത്തപ്പയുടെ പ്രകടനം മോശമായതും സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായ സഞ്ജുവിനു ടീമിലേക്കുള്ള വഴി തുറക്കാന്‍ കാരണമായി.
















