ജമ്മു : രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളവരെ രാഷ്‌ട്രീയ ഭേദമെന്യേ അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗിരിധരി ലാല്‍ ഡോഗ്രയുടെ ജന്മശതാബ്ദി ആഘോഷ വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇ എം എസ് നമ്പൂതിരിപ്പാട് മരിച്ചപ്പോള്‍ അധികാരമേറ്റതിന്റെ തിരക്കുകള്‍ മാറ്റിവച്ച് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന എല്‍ കെ അദ്വാനി കേരളത്തിലെത്തിയത് അതിന്റെ ഉദാഹരണമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
നല്ലൊരു വിഭാഗം നേതാക്കള്‍ക്ക് പ്രചോദനമാകാന്‍ കഴിഞ്ഞത് ഗിരിധരില്‍ ലാല്‍ ഡോഗ്രയുടെ വിജയമാണ് . ആളുകളുടെ കഴിവുകള്‍ കൃത്യമായി മനസ്സിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു . പ്രധാനമന്ത്രി പറഞ്ഞു . അരുണ്‍ ജെയ്റ്റ്‌ലിയെ മരുമകനായി തെരഞ്ഞെടുത്തതും അതുകൊണ്ടാവാമെന്ന് പ്രധാനമന്ത്രി പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി. ഡോഗ്ര സാഹബിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടേയും രാഷ്‌ട്രീയ നിലപാടുകള്‍ തീര്‍ത്തും വ്യത്യസ്തമാണ് . ഇരുവരും ഓര്‍മ്മിക്കപ്പെടുന്നത് ബന്ധുത്വം കൊണ്ടുമല്ലെന്നും മോദി ഓര്‍മ്മിപ്പിച്ചു.
ഒരു ഉറച്ച കോണ്‍ഗ്രസ്‌കാരനായിരുന്നു ഗിരിധരിലാല്‍ ഡോഗ്രയെന്ന് ചടങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു . എന്നാല്‍ അദ്ദേഹത്തിനെ അംഗീകരിക്കുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടായിരുന്നു . ആസാദ് കൂട്ടിച്ചേര്‍ത്തു . ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് , കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നരേന്ദ്ര മോദി സംസ്ഥാന ഗവര്‍ണ്ണര്‍ എന്‍എന്‍ വോറ, മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദ് എന്നിവരുമായി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി.
ജമ്മുവിലും പരിസരപ്രദേശത്തും കനത്ത സുരക്ഷയാണ് ഇതിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തില്‍ ബിഎസ്എഫ് കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്. പ്രധാനമന്ത്രി ഇന്നുതന്നെ ദല്‍ഹിയിലേക്ക് മടങ്ങും.
ജനവാസമേഖലകളിലേക്ക് ഉള്‍പ്പെടെ പാക്കിസ്ഥാന്‍ തുടര്‍ച്ചായി ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം ആര്‍.എസ്. പുര സെക്ടറില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്‌പ്പില്‍ നാല് ഗ്രാമീണര്‍ക്ക് പരുക്കേറ്റിരുന്നു.
അഖ്‌നൂര്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും രണ്ട് ബിഎസ്എഫ് ജവാന്‍മാരടക്കം നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷസാഹചര്യങ്ങളെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യസെക്രട്ടറിയും പാക്ക് അധികൃതരുമായി ചര്‍ച്ച നടത്തുകയും പാക് ഹൈക്കമ്മീഷ്ണര്‍ അബ്ദുള്‍ ബാസിതിനോട് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
















