ദുബായ്: ഐസിസി ഏകദിന റാങ്കിംഗിലും ട്വന്റി 20 റാങ്കിംഗിലും ടീം ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി. സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതാണ് സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ടീമിനെ സഹായിച്ചത്. അതേസമയം പാക്കിസ്ഥാനും ഇന്ത്യക്കും പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര വിജയത്തോടെ ബംഗ്ലാദേശ് റാങ്കിങില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഒപ്പം 2017ലെ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലേക്ക് യോഗ്യത നേടാനും ബംഗ്ലാദേശിന് കഴിഞ്ഞു.
ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 129 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 115 പോയിന്റുകളാണുള്ളത്. 112 പോയിന്റുമായി ന്യൂസിലാന്‍ഡ് മൂന്നാം സ്ഥാനത്തും 109 പോയിന്റുമായി ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തും തുടരുന്നു. 105 പോയന്റുള്ള ശ്രീലങ്കയാണ് അഞ്ചാം സ്ഥാനത്ത്. ബംഗ്ലാദേശിന് പിന്നില്‍ എട്ടും ഒമ്പതും സ്ഥാനത്താണ് വെസ്റ്റിന്‍ഡീസും പാക്കിസ്ഥാനും നില്‍ക്കുന്നത്.
ഏകദിന ബാറ്റ്‌സ്ന്മാരുടെ പട്ടികയില്‍ മൂന്ന് പേര്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു. വിരാട് കോഹ്‌ലി നാലാം സ്ഥാനത്തും ശിഖര്‍ ധവാന്‍ 7-ാം സ്ഥാനത്തും ക്യാപ്റ്റന്‍ ധോണി ഒമ്പതാം സ്ഥാനത്തും നില്‍ക്കുന്നു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്ലിയേഴ്‌സും ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ല. ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ന്യൂസിലാന്‍ഡ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടും ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഭുവനേശ്വര്‍കുമാര്‍ 12-ാം സ്ഥാനത്തെത്തി. ആര്‍. അശ്വിന്‍ 11-ാം സ്ഥാനത്തും മുഹമ്മദ് ഷാമി 13-ാം സ്ഥാനത്തും നില്‍ക്കുന്നു. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം.
















