ന്യൂദല്‍ഹി: ആഗോളനിര്‍മ്മാണ കേന്ദ്രമായി ചൈന മാറിയതു പോലെ ലോകത്തെ മാനവ വിഭവശേഷിയുടെ കേന്ദ്രമായി ഭാരതത്തെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതികവിദ്യയുടെ വികാസ പരിണാമങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്ന ചലനാത്മകമായ പരിശീലന സ്ഥാപനങ്ങള്‍ രാജ്യത്ത് സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചുകൊണ്ട് ദേശീയ നൈപുണ്യ വികസന-സംരംഭകത്വ നയം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്തിനാവശ്യമായ 4-5 കോടി വൈദഗ്ധ്യമുള്ള തൊഴിലാളികളെ നല്‍കാന്‍ രാജ്യത്തിനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൃത്യവും ശക്തവുമായ പരിശീലന പദ്ധതികളിലൂടെ മികച്ച തൊഴിലാളികളെ സൃഷ്ടിക്കാന്‍ സാധിക്കും. ഭാവിയിലേക്ക് നോക്കുന്ന കാഴ്ചപ്പാടും പത്തുവര്‍ഷം മുന്നോട്ടുള്ള പദ്ധതികളും ഇതിനാവശ്യമാണ്. വ്യാവസായിക-സാങ്കേതി വിദഗ്ധരുമായുള്ള നിരന്തര ഇടപെടലുകളാണ് വൈദഗ്ധ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കാന്‍ സഹായിക്കുന്നത്.
ലോകത്തിനാവശ്യമായ എല്ലാ മേഖലകളിലേക്കുള്ള വൈദഗ്ധ്യതൊഴിലാളികളെ നല്‍കാന്‍ സാധിക്കുന്ന ഏക രാജ്യമായി നമുക്ക് സമീപഭാവിയില്‍ മാറാന്‍ സാധിക്കണം. ലോകത്തിലെ പല വികസന രാജ്യങ്ങള്‍ക്കും സമ്പത്തുണ്ടെങ്കിലും മാനവ വിഭവശേഷിയുടെ കുറവ് അനുഭവപ്പെടുന്നു. ഭാരതത്തിലെ ജനങ്ങള്‍ക്ക് നിരവധി സവിശേഷതകളുണ്ടെന്ന് ലോകം തിരിച്ചറിയാന്‍ പോകുന്നതേയുള്ളൂ. ലോകപ്രശസ്തമായ മാതൃകയില്‍ രാജ്യത്തെ ഐടിഐകളും മാറും. 2022ഓടുകൂടി രാജ്യത്തെ 40.2 കോടി ജനങ്ങള്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിക്കാണ് സ്‌കില്‍ ഇന്ത്യ പദ്ധതിയിലൂടെ തുടക്കമിട്ടിരിക്കുന്നത്. തൊഴില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുവഴി ദാരിദ്ര്യത്തിനെതിരായ യുദ്ധത്തില്‍ രാജ്യം വിജയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര മന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, അരുണ്‍ ജെയ്റ്റ്‌ലി, മനോഹര്‍ പാരീക്കര്‍, സുരേഷ് പ്രഭു, അനന്ത് ഗീഥെ, ജഗത് പ്രകാശ് നദ്ദ, അനന്ത് കുമാര്, നരേന്ദ്ര സിംഗ് തോമര്‍, പിയൂഷ് ഗോയല്‍, തവാര്‍ ചന്ദ് ഗഹ്‌ലോട്ട്, സന്തോഷ് കുമാര്‍ ഗംഗ്‌വാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















