ന്യൂയോര്‍ക്ക്: വനിതാ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസിന് അപൂര്‍വ്വ റെക്കോര്‍ഡ്. എടിപി റാങ്കിങ്ങില്‍ തൊട്ടുപിന്നിലുള്ള താരത്തെക്കാള്‍ ഇരട്ടി പോയിന്റ് വാരുന്ന ആദ്യ ഒന്നാം നമ്പറെന്ന മഹിമയാണ് സെറീനയ്ക്ക് കൈവന്നത്. പുതുക്കിയ പട്ടിക പ്രകാരം സെറീനയ്ക്ക് 13, 161 പോയിന്റുണ്ട്. രണ്ടാം സ്ഥാനക്കാരി റഷ്യന്‍ ഗ്ലാമര്‍ ഗേള്‍ മരിയ ഷറപ്പോവയ്ക്ക് 6, 490പോയിന്റും.
നാലു തുടര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളും സിംഗപ്പൂര്‍, മയാമി ഓപ്പണുകളിലെ ജയങ്ങളുമാണ് സെറീനയെ ഷറപ്പോവയെക്കാള് ബഹുദൂരം മുന്നിലെത്തിച്ചത്. കരിയറില്‍ 21 ഗ്രാന്‍ഡ് സ്ലാമുകള്‍ സെറീന ഷെല്‍ഫിലെത്തിച്ചു കഴിഞ്ഞു. സമകാലികരെക്കാള്‍ ഏറെ മുന്നിലാണ്. സെറീന. വീനസ് വില്യംസ് (7), മരിയ ഷറപ്പോവ (5), പെട്രൊ ക്വിറ്റോവ, സ്വെറ്റ്ലാന കുസ്നെറ്റ്സോവ, വിക്ടോറിയ അസരെങ്ക (രണ്ടുവീതം), സാമന്ത സ്റ്റോസര്‍, അന ഇവാനോവിച്ച്, ഫ്രാന്‍സെസ്ക ഷിയാവോണെ (ഓരോന്നു വീതം) എന്നിവരെല്ലാം ചേര്‍ന്നാല്‍ മാത്രമേ സെറീനയ്ക്ക് ഒപ്പമെത്തുകയുള്ളു.
















