ചെന്നൈ: ഐപിഎല്ലില്‍ നിന്ന രണ്ടു വര്‍ഷത്തേക്കു പുറത്താക്കിയ ജസ്റ്റിസ് ലോധ കമ്മിറ്റി വിധിക്കെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമകളായ ഇന്ത്യ സിമന്റസ് ലിമിറ്റഡ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും ഫ്രാഞ്ചൈസി അന്തിമ തീരുമാനമെടുക്കുക.
അപ്പീല്‍ ഹര്‍ജിയുമായി പരമോന്നത കോടതിയെ സമീപിക്കാന്‍ ഇന്ത്യാ സിമന്റ്‌സിന്റെ ഉന്നതല യോഗം തീരുമാനിച്ചിരുന്നു. സുപ്രീം കോടതിയാണ് ഐപിഎല്‍ വാതുവയ്‌പ്പ്, ഒത്തുകളിക്കേസില്‍ ശിക്ഷ വിധിക്കാന്‍ ലോധ സമിതിയെ നിയോഗിച്ചത്. ഈ സാഹചര്യത്തില്‍ സൂപ്പര്‍ കിങ്‌സ് ഉടമകളുടെ നീക്കം എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
എന്തു മേല്‍നടപടി സ്വീകരിക്കണമെന്ന നിയമോപദേശകനുമായി കൂടിയാലോചിച്ച് നിശ്ചയിക്കും. ഐപിഎല്‍ കേസ് കുറച്ചുകാലമായി നടക്കുന്നു. നമ്മള്‍ ഒരു പരുക്കുമേല്‍ക്കാതെ രക്ഷപ്പെടുമെന്നു കരുതിയില്ല. സസ്പന്‍ഷന്‍ ലഭിക്കുമെന്നു കണക്കുകൂട്ടി.
വെറുതെവിടപ്പെടുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ശിക്ഷ മുന്‍കൂട്ടിക്കണ്ടിരുന്നോ എന്ന ചോദ്യത്തിന് സൂപ്പര്‍ കിങ്‌സിന്റെ ഒഫീഷ്യല്‍സില്‍ ഒരാള്‍ ഉത്തരം നല്‍കി. ടീമിന്റെ സല്‍പ്പേരിന് കളങ്കമുണ്ടായെന്നത് യാഥാര്‍ത്ഥ്യമാണ്. എന്തായാലും ഐപിഎല്ലില്‍ തിരിച്ചുവരാനുള്ള വഴി കണ്ടെത്തിയേ മതിയാവൂ. വിധി വന്നതേയുള്ളു അതിനു മുന്‍പ് നിങ്ങള്‍ ഓഹരികള്‍ വില്‍ക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു. അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
എന്തിന് ഷെയറുകള്‍ വില്‍ക്കണം. രണ്ടുവര്‍ഷത്തിനുശേഷം മാത്രമേ കളിക്കാവൂ എന്നുണ്ടെങ്കില്‍ അതു പാലിക്കുമെന്നും പേരു വെളിപ്പെടുത്താത്ത ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.
















