മാഡ്രിഡ്: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ക്ലബ്ബ് എഫ്‌സി പോര്‍ട്ടോയിലേക്ക് പോയ വിഖ്യാത ഗോളി ഇകെര്‍ കസിയസിന് ഉചിതമായ യാത്രയയപ്പ് നല്‍കാത്ത റയല്‍ മാഡ്രിഡ് അധികൃതരെ വിമര്‍ശിച്ച് സ്പാനിഷ് മിഡ്ഫീല്‍ഡ് ഇതിഹാസം സാവി. കസിയസിന് സംഭവിച്ചത് മോശം പ്രവണതകളെ സൂചിപ്പിക്കുന്നെന്ന് സാവി.
കസിയസിന് സംഭവിച്ചത് കയ്‌പ്പാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹം മുന്‍പത്തെപ്പോലെ കളി ആസ്വദിക്കുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, റയലിന്റെ ബദ്ധവൈരി ബാഴ്‌സലോണയുടെ മുന്‍ താരവും കസിയസിന്റെ സ്പാനിഷ് ടീം മേറ്റുമായ സാവി പറഞ്ഞു.
ഇകെര്‍ ശോകമൂകനായിരുന്നു. രാജ്യം അതു മനസിലാക്കണം. എല്ലാ മത്സരങ്ങളിലും ഒരു മഹാനായ ഗോള്‍ കീപ്പറാണെന്നു തെളിയിക്കാനുള്ള സമ്മര്‍ദ്ദം അദ്ദേഹത്തിനുള്ളതായി തോന്നി. പഴയതുപോലെ സന്തോഷവാനായിരുന്നില്ല. പോര്‍ട്ടോ ഒരു നായകനെപ്പോലെ കസിയസിനെ വരവേല്‍ക്കുമെന്നും സാവി കൂട്ടിച്ചേര്‍ത്തു.
16 വര്‍ഷം റയലിന്റെ ഗോള്‍വല കാത്ത കസിയസ് കഴിഞ്ഞ ദിവസമാണ് തന്റെ പ്രിയ ക്ലബ്ബ് വിട്ടത്. വിടവാങ്ങല്‍ തീരുമാനം പറയാന്‍ ബര്‍ണബ്യൂ സ്റ്റേഡിയത്തിലെ പ്രസ് ബോക്‌സിലെത്തിയ കസിയസ് ഏകനായിരുന്നു. പിടയുന്ന ഹൃദയത്തോടെ സംസാരിച്ച കസിയസ് കണ്ണീര്‍ പൊഴിച്ചുകൊണ്ടാണ് അവിടം വിട്ടത്.ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസ് കസിയസിനോട് ടീമില്‍ നിന്നു പുറത്തുപോകാന്‍ നിര്‍ബന്ധിച്ചെന്ന് താരത്തിന്റെ മാതാപിതാക്കളും വെളിപ്പെടുത്തി.
സംഭവം പ്രതിഷേധത്തിന് വഴിവെച്ച പശ്ചാത്തലത്തില്‍ തിങ്കളാഴ്ച റയല്‍ അധികൃതര്‍ കസിയസിനായി ഔദ്യോഗിക വിടവാങ്ങല്‍ ചടങ്ങ് ഒരുക്കിയിരുന്നു. പരിപാടിക്കെത്തിയ പെരസിനെ മുദ്രാവാക്യം വിളികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പെരസ് രാജിവെയ്‌ക്കണമെന്നും അവരില്‍ ചിലര്‍ ആവശ്യപ്പെട്ടു.
















