ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ ഇ-വോട്ട് എന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം യാഥാര്‍ഥ്യത്തിലേക്ക്. പ്രവാസികള്‍ക്ക് ഇ-ബാലറ്റ് വോട്ടിങ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്നും, ഇതിനായി 1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.
കേസില്‍ ഈ മാസം എട്ടിന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിയ്‌ക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഇ ബാലറ്റ് കൂടുതല്‍ സൗകര്യപ്രദമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാടെടുത്തു. ക്രമക്കേടുകള്‍ക്കുള്ള സാധ്യത കുറവെന്നായിരുന്നു കമ്മീഷന്റെ നിഗമനം. യുകെയിലെ പ്രവാസി ഭാരത് സംഘടനയുടെ ചെയര്‍മാന്‍ നാഗേന്ദര്‍ ചിന്ദവും, മലയാളിയായ പ്രവാസി വി.പി. ഷംസീറുമാണ് ഇ ബാലറ്റ് എന്ന ആശയം സുപ്രീം കോടതിയില്‍ അവതരിപ്പിച്ചത്.
നേരത്തെ, പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടിങ്ങും കമ്മീഷന്റെ പരിഗണനയിലുണ്ടായിരുന്നു. ഇപ്രകാരം വോട്ട് ചെയ്ത് അതതു രാജ്യങ്ങളിലെ എംബസികളില്‍ ഒരുക്കിയ പെട്ടികളില്‍ നിക്ഷേപിക്കണം. എംബസികള്‍ പെട്ടികള്‍ വിദേശകാര്യ മന്ത്രാലയത്തിലോ, തെരഞ്ഞെടുപ്പ് കമ്മീഷനിലോ എത്തിക്കും. സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരുടെ ജോലി സ്ഥലത്ത് വോട്ട് ചെയ്യുന്നതിനു സൗകര്യമൊരുക്കുന്ന കാര്യവും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.
















