ന്യൂദല്‍ഹി: വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്നു 19 പേര്‍ മരിച്ചു. ജമ്മുകാഷ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണു മഴ ശക്തമായി തുടരുന്നത്. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
ഉത്തര്‍പ്രദേശില്‍ ശക്തമായ മഴയില്‍ വീടു തകര്‍ന്നു വീണ് ആറു പേര്‍ മരിച്ചു. രാജസ്ഥാനില്‍ 10 പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. കാഷ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ടു പേരും ഡെറാഡൂണില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമാണു മഴ മൂലമുണ്ടായ അപകടങ്ങളില്‍ മരിച്ചത്. ദല്‍ഹിയിലും ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇതിനോടകംതന്നെ വെള്ളത്തിനടിയിലായി.
ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ മേഘസ്‌ഫോടനമുണ്ടായി. മഴ ശക്തമായി തുടരുന്നതിനാല്‍ പഹല്‍ഗാം, ബാല്‍തല്‍ എന്നീ രണ്ടു സ്ഥലങ്ങളില്‍ നിന്നുമുള്ള അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവച്ചു. ശ്രീനഗര്‍-ജമ്മു ദേശീയ പാതയും അടച്ചു. 48 മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
















