ന്യൂദല്‍ഹി: ദന്തഡോക്ടറാകണമെങ്കില്‍ നിര്‍ബന്ധമായും മൂന്നുമാസം ഏതെങ്കിലും ഗ്രാമത്തില്‍ പ്രവര്‍ത്തിക്കണം. ദന്തപഠന വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പില്‍ മൂന്നുമാസം ഗ്രാമീണ സേവനം നിര്‍ബന്ധമാക്കി ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉത്തരവിട്ടു. അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍, ഡീംഡ് യൂണിവേഴ്‌സിറ്റി, പ്രൈവറ്റ് കോളേജുകള്‍ക്ക് നിയമം ബാധകം.കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം നിര്‍ദേശത്തിന് അംഗീകാരം നല്‍കി.രാജ്യത്ത് 310 ഡെന്റല്‍ കോളേജുകളില്‍നിന്നായി 30,000 വിദ്യാര്‍ഥികളാണ് ഓരോ വര്‍ഷവും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.
കൗണ്‍സില്‍ തീരുമാനം രാജ്യത്തെ ഗ്രാമീണ മേഖലയിലെ ദന്താരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം പേരും ദന്ത ചികിത്സ കാര്യമായെടുക്കുന്നില്ല. ചികിത്സയ്‌ക്കായി താലൂക്ക്, ജില്ലാ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയിലാണ് അവര്‍. തീരുമാനം രാജ്യത്തെ ദന്ത ഡോക്ടര്‍മാരുടെ സംഘടന ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷനും സ്വാഗതം ചെയ്തു. എന്നാല്‍, ആവശ്യമായ സൗകര്യമൊരുക്കിയ ശേഷമാകണം വിദ്യാര്‍ഥികളെ ഗ്രാമങ്ങളിലേക്ക് അയയ്‌ക്കേണ്ടതെന്ന് അസോസിയേഷന്‍ സെക്രട്ടറി ഡോ. അശോക് ധോബ്‌ലെ പറഞ്ഞു.
















