ന്യൂദല്‍ഹി: നാവികസേന 60,000 കോടിരൂപ മുടക്കി 6 അന്തര്‍വാഹിനികള്‍കൂടി നിര്‍മ്മിക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട ഷിപ്പ്‌യാര്‍ഡുകളിലാകും ഇവ നിര്‍മ്മിക്കുക. അന്തര്‍വാഹനികളുടെ നിര്‍മ്മാണത്തിന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിനെയും പരിഗണിക്കുന്നുണ്ടെന്നാണ് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിലെ ഉന്നതതല സമിതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രോജക്ട് 75-ഇന്ത്യയുടെ ഭാഗമായാണ് പുതിയ അന്തര്‍വാഹനികള്‍ നിര്‍മ്മിക്കുന്നത്.
എട്ടംഗ സമിതിയെയാണ് പൊതു-സ്വകാര്യ ഷിപ്പ് യാര്‍ഡുകളെപ്പറ്റി പഠിക്കാന്‍ പ്രതിരോധമന്ത്രാലയം നിയമിച്ചത്. ആറു അന്തര്‍വാഹിനികള്‍ ഒരേസമയം നിര്‍മ്മിക്കാനുള്ള ശേഷിയുള്ള ഷിപ്പ് യാര്‍ഡുകള്‍ക്കാണ് മുന്‍ഗണന ലഭിക്കുക. കൂടുതല്‍ സമയം കടലിനുള്ളില്‍ കഴിയാന്‍ ശേഷിയുള്ള തരം അന്തര്‍വാഹിനികളാണ് പുതുതായി നിര്‍മ്മിക്കുക. രാജ്യത്തെ എല്ലാ ഷിപ്പ്‌യാര്‍ഡുകളും സന്ദര്‍ശിച്ച ശേഷമാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏതൊക്കെ ഷിപ്പ് യാര്‍ഡുകള്‍ക്കാണ് കരാര്‍ ലഭിക്കുകയെന്നത് സംബന്ധിച്ച പ്രതിരോധമന്ത്രാലയം ഉടന്‍ തീരുമാനിക്കും.
ടെണ്ടര്‍ ക്ഷണിക്കുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷിപ്പ് യാര്‍ഡുകള്‍ക്ക് പുറമേ എല്‍ആന്റ്റ്റി, പിപാവവ് ഡിഫന്‍സ് ആന്റ് ഓഫ്‌ഷോര്‍ എഞ്ചിനീറിംഗ് കമ്പനി എന്നിവയും അപേക്ഷിച്ചേക്കും. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുംബൈയിലെ മസഗോണ്‍ ഡോക് യാര്‍ഡ് ലിമിറ്റഡില്‍ നിലവില്‍ 6 അന്തര്‍വാഹിനികളുടെ നിര്‍മ്മാണം നടന്നുവരുന്നുണ്ട്. കൂടുതല്‍ നിര്‍മ്മാണം ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാകുകയാണെങ്കില്‍ എംഡിഎല്ലിലുള്‍പ്പെടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കും. ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് എന്നിവയ്‌ക്കാണ് എംഡിഎല്ലിന് പുറമേ കരാര്‍ ലഭിക്കാന്‍ സാധ്യത.
നിലവില്‍ 13 അന്തര്‍വാഹനികളാണ് നാവികസേനയ്‌ക്കുള്ളത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ അന്തര്‍വാഹനികളുടെ എണ്ണം 24 ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ നിര്‍മ്മാണം തുടരുന്ന ആറ് സ്‌കോര്‍പ്പിയന്‍ അന്തര്‍വാഹനികളുടെ ആദ്യബാച്ച് അടുത്തവര്‍ഷം സപ്തംബറോടെ നാവികസേനയ്‌ക്ക് ലഭ്യമാകും.
















