ഭോപ്പാല്‍: ഒരുകാലത്ത് സമൂഹത്തിലെ ചിലര്‍ സ്ത്രീകളോട് മോശമായി പെരുമാറിയതും ശൂദ്രരെന്നു വിളിച്ച് ചിലരെ മാറ്റി നിര്‍ത്തിയതും തെറ്റായിരുന്നുവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ നടന്ന അത്തരം പ്രവൃത്തികള്‍ക്ക് ഒരു മത ഗ്രന്ഥങ്ങളുടെയും പിന്‍ബലമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവ ഗവര്‍ണ്ണര്‍ മൃദുല സിന്‍ഹയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിതപ്ത ലങ്കേശ്വരി എന്ന പുസ്തകത്തിന്റെ പ്രകാശനത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മറ്റു പ്രമുഖരും പങ്കെടുത്തു.
പല പ്രമുഖ വ്യക്തികളും സ്ത്രീകളോട് അമാന്യമായി പെരുമാറുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അതിന് കാരണമായി പറഞ്ഞിരുന്നത് മതഗ്രന്ഥങ്ങളില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ്. അതു തെറ്റാണ്. അവര്‍ നമ്മുടെ മത- ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതിന്റെ ശരിയായ അര്‍ത്ഥം മനസിലാക്കിയിട്ടില്ല. അവരാരും ഇത്തരം ഗ്രന്ഥങ്ങള്‍ ആഴത്തില്‍ വായിക്കുന്നില്ല, അഥവാ വായിച്ചിട്ടും കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല. അത്തരക്കാര്‍ സ്വയം മാറണം.
സ്ത്രീകളോടു പെരുമാറുമ്പോള്‍ പാലിക്കേണ്ട അകലം പാലിക്കണം. രാവണനു പോലും തന്റെ ഭാര്യ മണ്ഡോദരിയുടെ വാക്കുള്‍ ശ്രവിച്ചിരുന്നുവെങ്കില്‍ പ്രതിനായകന്‍ എന്ന ദുഷ്‌പേരില്ലാതാക്കാന്‍ കഴിഞ്ഞേനെ. പുരുഷന്മാര്‍ മണ്ഡോദരിയെക്കുറിച്ചു വായിച്ചു പഠിക്കണം, അവരുടെ ജീവിത പ്രാധാന്യം മനസിലാക്കണം, മോഹന്‍ ഭാഗവത് വിശദീകരിച്ചു.
മണ്ഡോദരിയുടെ വാക്കുള്‍ അന്ന് രാവണന്‍ കേട്ടനുസരിച്ചിരുന്നെങ്കില്‍ ഇന്ന് നാടെങ്ങും രാവണന്റെ കോലം കത്തിക്കുന്ന സ്ഥിതിയുണ്ടാകില്ലായിരുന്നു. സദസ്സിനോട്, പ്രത്യേകിച്ച് സദസ്സിലെ പുരുഷന്മാരോട് മണ്ഡോദരിയുടെ പ്രാധാന്യമറിയാന്‍ ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രന്ഥകാരിയും ഗോവ ഗവര്‍ണ്ണറുമായ മൃദുല സിന്‍ഹ, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















