ചെന്നൈ:ബലാത്സംഗക്കേസില്‍ ഇരയും പ്രതിയും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തണമെന്ന നിര്‍ദേശം മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു. ഇത്തരം കേസുകളില്‍ അനുരഞ്ജനം സ്ത്രീയുടെ മാന്യതയെ കളങ്കപ്പെടുത്തുമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. 2008ല്‍ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വി. മോഹന്‍ എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കഴിഞ്ഞ മാസമാണ് ഹൈക്കോടതി വിവാദ വിധി പുറപ്പെടുവിച്ചത്.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി, ഇയാളോട് വിചാരണക്കോടതിക്കു മുന്നില്‍ കീഴടങ്ങാനും നിര്‍ദേശിച്ചു.
അന്ന് പീഡനത്തിനിരയായ യുവതി ഗര്‍ഭിണിയായി. ആറു വയസുള്ള കുട്ടിയുമണ്ട് യുവതിക്ക്. ഈ പശ്ചാത്തലത്തിലാണ് ഇരുവരും യോജിപ്പിലെത്തണമെന്നും വിവാഹിതരാകുന്ന കാര്യം ആലോചിക്കണമെന്നും ജസ്റ്റിസ് ദേവദാസ് നിര്‍ദേശിച്ചത്.
ഇതിനോട് പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചു. വിവിധ സംഘടനകളും പ്രതിഷേധവുമായെത്തി. വിധി അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി സംഘടനകള്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. അതിനിടെയാണ് മധ്യപ്രദേശില്‍നിന്നുള്ള കേസ് പരിഗണിക്കുമ്പോള്‍ ബലാത്സംഗക്കേസുകളില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന കോടതികളുടെ നടപടികളെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
















